തിരുവനന്തപുരം: മുപ്പത്തൊൻപതാം വയസിൽ പാതിയിൽ മുറിഞ്ഞുപോയൊരു വിഷാദരാഗം പോലെ, വയലിനിലെ മാന്ത്രികൻ ബാലഭാസ്കർ അരങ്ങൊഴിഞ്ഞിട്ട് ഒരാണ്ട്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രിയാത്രയിൽ വീട്ടിലെത്താൻ അൽപ്പദൂരം ശേഷിക്കവേയാണ് പള്ളിപ്പുറത്ത് ദേശീയപാതയോരത്തെ തണൽമരത്തിലിടിച്ച് ആ ജീവൻ പൊലിഞ്ഞത്. പ്രാണനായിരുന്ന മകൾ തേജസ്വിനിയും ബാലുവിനൊപ്പം പോയി. തിരുമലയിലെ ഹിരൺമയി വീട്ടിൽ ബാലുവിന്റെ ഭാര്യ ലക്ഷ്‌മി മാത്രമായി. കൊലപാതകം, സ്വർണക്കടത്തുകാരുടെ പകപോക്കൽ, ദശലക്ഷങ്ങൾ കടം കൊടുത്തവരുടെ ക്വട്ടേഷൻ എന്നിങ്ങനെ ഉയർന്ന ആരോപണങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അമിതവേഗം കാരണമുള്ള സ്വാഭാവിക അപകടമെന്ന് ക്രൈംബ്രാഞ്ച് അന്തിമനിഗമനത്തിലെത്തിയെങ്കിലും സത്യം കണ്ടെത്താൻ സി.ബി.ഐ വരണമെന്ന പിതാവ് കെ.സി. ഉണ്ണിയുടെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
കാറോടിച്ചത് താനായിരുന്നെന്ന് ആദ്യം പറഞ്ഞ ഡ്രൈവർ അർജുൻ, ബാലഭാസ്കർ മരിച്ചതോടെ മൊഴിമാറ്റി. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലുവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഡോക്ടറുടെ ബന്ധുവാണ് അർജുനെന്ന് വ്യക്തമായതോടെ ദുരൂഹതയേറി. മൊഴികൾ എന്തായാലും, കാറോടിച്ചിരുന്നത് ഡ്രൈവർ അർജുനായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്‌ണൻ പറഞ്ഞു. സ്റ്റിയറിംഗിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചതാരാണെന്ന് സ്ഥിരീകരിച്ചത്. അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും ഉടൻ കുറ്റപത്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ പിതാവിന്റെ പരാതിയിൽ ആരോപിച്ചിട്ടുള്ള സാമ്പത്തിക തട്ടിപ്പ്, സ്വർണക്കടത്ത് എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ
120 കിലോമീറ്റർ വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു
ബാലഭാസ്‌കർ മദ്ധ്യഭാഗത്തെ സീറ്റിൽ കിടക്കുകയായിരുന്നു. സീറ്റ് ബെൽറ്റിട്ടിരുന്നത് ലക്ഷ്മി മാത്രമായിരുന്നു
അപകടത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകളുമില്ല. സുഹൃത്തായ ഡോക്ടർക്ക് കടംനൽകിയ 10 ലക്ഷം തിരികെനൽകി
ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി നേരിട്ട് ബന്ധമില്ല
അപകടം ഇങ്ങനെ
അപകടസമയത്ത് കാറിന്റെവേഗം 100-120 കിലോമീറ്ററായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്പീഡോമീറ്റർ നൂറ് കിലോമീറ്ററിൽ കുടുങ്ങിപ്പോയി. പിന്നീട് സ്പീഡോമീറ്ററിന്റെ സർക്യൂട്ട് മുറിഞ്ഞുപോയി. ഇടിക്കുശേഷം മീറ്റർ താഴേക്കുവന്നാണ് 100ൽ കുടുങ്ങിപ്പോയത്. റോഡിന്റെ വളവും പ്രതലത്തിന്റെ സവിശേഷതകളും പരിഗണിച്ചാൽ ഇത്രയും വേഗതയിൽ കാർ തിരിഞ്ഞാൽ നിയന്ത്റണം നഷ്ടമാകും. കാറോടിച്ചയാളിന് വളവിൽ നിയന്ത്റണം നഷ്ടമായി മരത്തിൽ ഇടിച്ചെന്നാണ് ടൊയോട്ടയുടെയും മോട്ടോർവാഹനവകുപ്പിന്റെയും റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |