തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയ്ക്കിടെ പരിക്കേറ്റാൽ ചികിത്സയ്ക്ക് വിഷമിേക്കണ്ട. സഹായത്തിന് മേളയുടെ 12 വേദികളിലും സ്പോർട്സ് ആയുർവേദ മെഡിക്കൽ സംഘം സജ്ജമാണ്.
താരങ്ങളുടെ കായികക്ഷമത വർധിപ്പിക്കാനും പരിക്കുകൾ ഭേദമാക്കാനും തുടർപരിക്കുകൾ തടയാനും സഹായിക്കുന്ന ആയുർവേദ കായിക ചികിത്സാശാഖയാണ് സ്പോർട്സ് ആയുർവേദ. തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന 50 കിടക്കകളുള്ള കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ സ്പോർട്സ് ആയുർവേദ ടീം പ്രവർത്തിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കീഴിൽ എല്ലാ ജില്ലകളിലും സ്പോർട്സ് ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
സ്കൂൾ കായികമേളയ്ക്കായി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 67 മെഡിക്കൽ ഓഫീസർമാരേയും നേഴ്സ്, തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ എന്നിവർ ഉൾപ്പെടെ 140 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പുറമേ തിരുവനന്തപുരം ആയുർവേദ കോളേജ്, പങ്കജകസ്തൂരി ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ നിന്നുമുള്ള ഹൗസ് സർജന്മാരും പി.ജി വിദ്യാർത്ഥികളുമുണ്ട് . കണ്ണൂർ, പാലക്കാട്, കൊല്ലം, തൃശൂർ ജില്ലാമേളകളിൽ സ്പോർട്സ് ആയുർവേദ ടീം സേവനം നൽകിയിരുന്നു.മത്സരങ്ങൾക്കിടയിലുണ്ടാകുന്ന പരിക്കുകൾക്ക് മാത്രമല്ല, പരിക്കുകൾ തടയുന്നതിനുള്ള പ്രീ ഇവന്റ് , ഇന്റർ ഇവന്റ്, പോസ്റ്റ് ഇവന്റ്, പ്രതിരോധ ചികിത്സാ രീതികൾ എന്നിവയ്ക്കും സ്പോർട്സ് ആയുർവേദ ടീമിനെ സമീപിക്കാം.
തൃശ്ശൂരിൽ നടന്ന സംസ്ഥാന അണ്ടർ 19 വുഷു മത്സരത്തിൽ സ്പോർട്സ് ആയുർവേദ ടീം ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന സംസ്ഥാന വുഷു മത്സരത്തിനിടെ പരിക്കേറ്റ എട്ടു മത്സരാർത്ഥികളെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നിരുന്നു. എന്നാൽ ഇത്തവണ നൂറോളം വിദ്യാർഥികൾക്ക് പരിക്കേറ്റപ്പോൾ രണ്ടു പേരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |