ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഇന്ത്യ- യു.എസ് ബന്ധം മോശമായി തുടരുന്നതിനിടെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 26 മുതൽ 28 വരെ മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഉച്ചകോടി. ഇതോടനുബന്ധിച്ചുള്ള ഈസ്റ്റ് ഏഷ്യ സമ്മിറ്റിൽ ട്രംപ് എത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കിലും മോദി പോകുന്നുണ്ടോയെന്നത് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. പോയാൽ ഈയടുത്ത് ഇരു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്. ജോഹന്നാസ്ബർഗിൽ അടുത്തമാസം നടക്കുന്ന ജി 20 ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കാൻ സാദ്ധ്യത കുറവാണ്. ക്വാഡ് നേതാക്കളുടെ ഉച്ചകോടി എന്നായിരിക്കുമെന്ന് തീരുമാനിച്ചിട്ടുമില്ല. ട്രംപ് രണ്ടാമതും യു.എസ് പ്രസിഡന്റായി ചുമതലയേറ്റ് ഒരുമാസത്തിനകം കഴിഞ്ഞ ഫെബ്രുവരിയിലാണ് വാഷിംഗ്ടൺ ഡി.സിയിൽ ഇരുനേതാക്കളും അവസാനമായി കണ്ടത്. ഇതിനിടെ ഫോണിലൂടെ പലതവണ സംസാരിച്ചു. ട്രംപിന് പുറമെ ചൈനീസ് പ്രധാനമന്ത്രി ലീ ഖിയാംഗും പങ്കെടുക്കുമെന്നാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കൂടിയെത്തിയാൽ യു.എസിന്റെ ഇറക്കുമതി തീരുവയിലെ ചർച്ചകൾ ശ്രദ്ധേയമാകും.
ക്വാഡ്, ബ്രിക്‌സ്
നേതാക്കളെയും കാണാം
അടുത്തവർഷത്തെ ക്വാഡ്, ബ്രിക്‌സ് ഉച്ചകോടികൾ നടത്താൻ ഇന്ത്യ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ആസിയാൻ ഉച്ചകോടിയിൽ മോദിയുടെ സാന്നിദ്ധ്യം അനിവാര്യമാണന്നാണ് വിലയിരുത്തൽ. ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ഈസ്റ്റ് ഏഷ്യ സമ്മിറ്റിൽ (ഇ.എ.എസ്) ക്വാഡ്, ബ്രിക്‌സ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. യു.എസിന് പുറമെ ക്വാഡ് അംഗങ്ങളായ ഓസ്ട്രേലിയ, ജപ്പാൻ എന്നിവരുടെ പ്രതിനിധികളുമെത്തും. ബ്രിക്‌സ് കൂട്ടായ്‌മയിലെ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമെത്തുന്നുണ്ട്. ബ്രസീൽ പ്രസിഡന്റ് ലുല ഡെസിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമാഫോസ എന്നിവരെയാണ് ഉച്ചകോടിയുടെ നിരീക്ഷകരായി നിശ്ചയിച്ചിരിക്കുന്നത്.
റഷ്യൻ എണ്ണ
ഇറക്കുമതി തുടരുന്നു
അതേസമയം, റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തുടരുകയാണ്. റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രെ റുഡെൻകോ ഇക്കാര്യം സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പുനൽകിയതായി ട്രംപ് ആവർത്തിക്കുന്നതിനിടെയാണിത്. നിറുത്തിയില്ലെങ്കിൽ കനത്ത താരിഫ് തുടരുമെന്നും ഭീഷണിയുടെ സ്വരത്തിൽ ട്രംപ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |