നോർത്തിന്ത്യൻ വിഭവമാണെങ്കിലും മലയാളികൾക്കും ഒരുപോലെ ഇഷ്ടമുള്ള പലഹാരമാണ് പക്കോഡ. ഇതിൽതന്നെ നിരവധി വെറൈറ്റികൾ ഇന്ന് കടകളിൽ ലഭ്യമാണ്. ഇപ്പോഴിതാ പക്കോഡ വിഭാഗത്തിലേയ്ക്ക് പുതിയൊരു ഇനം കൂടി എത്തിയിരിക്കുകയാണ്. പേര് വെജിറ്റേറിയൻ എഗ്ഗ് പക്കോഡ. പേരിൽ മുട്ടയുണ്ടെങ്കിലും മുട്ട ചേർക്കാതെയാണ് ഈ പക്കോഡ തയ്യാറാക്കുന്നത്. പഞ്ചാബിലെ ജലന്ധറിലുള്ള തെരുവ് കച്ചവടക്കാരൻ വിൽക്കുന്ന വെജിറ്റേറിയൻ എഗ്ഗ് പക്കോഡയാണ് ഇപ്പോൾ സ്‌ട്രീറ്റ് ഫുഡുകൾക്കിടയിൽ താരമാവുന്നത്. എഗ്ഗ് പക്കോഡയെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറലാവുന്നത്.
മുട്ടയോട് സാമ്യമുള്ള രീതിയിൽ ഉരുളക്കിഴങ്ങും പനീറും മാവിൽ മുക്കിയെടുത്ത് എണ്ണയിൽ വറുത്തുകോരിയാണ് മുട്ടയ്ക്ക് പകരമായി എഗ്ഗ് പക്കോഡയിലുള്ളത്. കണ്ടാൽ ഉള്ളിലുള്ളത് മുട്ടയാണെന്നെ തോന്നൂവെന്ന് വീഡിയോ പങ്കുവച്ച യുവാവ് പറയുന്നു. നേരത്തെ ഒരു തെരുവ് കച്ചവടക്കാരിയും മുട്ടയില്ലാതെ 'മുട്ട പലഹാരങ്ങൾ' തയ്യാറാക്കി വൈറലായിരുന്നു.
പയർ, മസാലപ്പൊടികൾ, പനീർ എന്നിവ ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് വെജിറ്റേറിയൻ മുട്ട തയ്യാറാക്കുന്നത്. ആദ്യം പെരി പെരി മസാല, മാഗി മസാല, എണ്ണ, വെള്ളം, ഒരു നുള്ള് മഞ്ഞൾ എന്നിവ വേവിച്ച കടലയുമായി ചേർത്ത് മിശ്രിതം തയ്യാറാക്കുന്നു. ഈ മിശ്രിതം മുട്ടയുടെ മഞ്ഞക്കരു പോലെയാണ് കാണപ്പെടുന്നത്. മലായ്, കോൺസ്റ്റാർച്ച് എന്നിവ കൂടി ഇതിൽ ചേർക്കുമ്പോൾ മിശ്രിതത്തിന് ക്രീം രൂപം നൽകുന്നു. മിശ്രിതം മിനുസമാക്കിയെടുക്കുമ്പോൾ ഇത് മുട്ടയുടെ ആകൃതിയിലാക്കി മാറ്റുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |