ലോകത്തിലെ തന്നെ പ്രമുഖ ഐടി കമ്പനികളിലൊന്നിലെ സ്വപ്‌നതുല്യമായ ജോലി ഉപേക്ഷിച്ച് സ്വന്തം പാഷൻ പിന്തുടരാനും ഒരു ചെറുകിട ബിസിനസ് ആരംഭിക്കാനും എത്രപേർ ധൈര്യം കാണിക്കും. അത്തരത്തിൽ വേറിട്ട പാത പിന്തുടർന്ന് വിജയത്തിന്റെ പാതയിൽ എത്തിനിൽക്കുകയാണ് തിരുവനന്തപുരം പെരുന്താന്നി സ്വദേശിനിയായ പാർവതി രവികുമാർ. യുഎസ്‌ടി ഗ്ളോബലിലെ ജോലി ഉപേക്ഷിച്ചാണ് 33കാരിയായ പാർവതി തന്റെ ഇഷ്ടമേഖലയായ ബേക്കിംഗ് തിരഞ്ഞെടുത്തത്. ഇന്ന് തലസ്ഥാന നഗരിയിലെ പ്രമുഖ കേക്ക് നിർമാതാക്കളിൽ ഒരാളാണ് പാർവതി. മാത്രമല്ല, പൊതിച്ചോറ് വിപണിയിലും പാർവതി മുന്നിലുണ്ട്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ പാർവതി സിസ്റ്റംസ് എഞ്ചിനീയറായാണ് യുഎസ്‌ടി ഗ്ളോബലിൽ ജോലി ചെയ്തിരുന്നത്. 2016 മുതൽ 2021വരെ അഞ്ചുവർഷം ഐടി മേഖയിൽ ജോലി ചെയ്തു. ചെറുപ്പത്തിൽ തന്നെ പാർവതിക്ക് പാചകത്തിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. 2018 മുതലാണ് കേക്ക് നിർമാണം ആരംഭിച്ചത്. നൈറ്റ് ഷിഫ്‌റ്റിലായിരുന്നു പാർവതി ജോലി ചെയ്തിരുന്നത്. അതിനാൽതന്നെ പകൽ സമയം ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് തനിക്ക് ഏറെ ഇഷ്ടമുള്ള കേക്ക് നിർമാണത്തിലേയ്ക്ക് എത്തിയത്.
വെറുതെ ടൈംപാസിനുവേണ്ടിയായിരുന്നു കേക്ക് നിർമാണം ആദ്യം തുടങ്ങിയതെന്ന് പാർവതി പറയുന്നു. പിന്നീട് നിറയെ ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. കൊവിഡ് സമയത്ത് ഇത് വർദ്ധിച്ചു. തുടർന്നാണ് കേക്ക് നിർമാണവുമായി തന്നെ മുന്നോട്ട് പോകാൻ തീരുമാനിക്കുന്നത്. ഒന്നുരണ്ടുപേർക്കെങ്കിലും ജോലി നൽകണമെന്ന മോഹവും കേക്ക് ബിസിനസിന് പ്രചോദനമായി. അങ്ങനെയാണ് യുഎസ്‌ടി ഗ്ളോബലിലെ ജോലി ഉപേക്ഷിച്ച് പാർവതി കേക്ക് ബിസിനസിൽ എത്തുന്നത്.
തന്റെ തീരുമാനം ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് പിന്തുണച്ചുവെന്ന് പാർവതി പറയുന്നു. പഠിച്ച വിഷയത്തിൽ തന്നെ ലഭിച്ച ജോലി ഉപേക്ഷിക്കുന്നതിൽ അദ്ധ്യാപികയായ അമ്മ വനജ കുമാരി ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിസിനസ് മേഖലയിലുള്ള അച്ഛൻ രവികുമാർ പിന്തുണച്ചു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അനുജത്തി കാർത്തികയും ഒപ്പം നിന്നു. ഇന്ന് നാല് സ്‌ത്രീകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന് ഉടമയാണ് പാർവതി. ബിസിനസ് ആരംഭിച്ച് ആദ്യത്തെ മൂന്ന് വർഷം എല്ലാക്കാര്യങ്ങളും ഒറ്റക്കായിരുന്നു പാർവതി നോക്കിനടത്തിയത്. കൊവിഡ് സമയത്ത് അച്ഛൻ ഏറെ സഹായിച്ചു. പിന്നീട് ബിസിനസ് വളർന്നപ്പോഴാണ് സഹായത്തിനായി നാലുപേരെ നിയമിച്ചത്.
ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു തുടക്കത്തിൽ കേക്ക് ഓർഡറുകൾ ലഭിച്ചിരുന്നത്. ഇപ്പോൾ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി ഫുഡ് ഡെലിവറി ആപ്പുകളിൽ പാർവതിയുടെ 'കേക്ക്‌ഡ് ബൈ പാർവതി'യിൽ നിന്ന് ഓർഡർ ചെയ്യാം. രണ്ടുവർഷം മുൻപാണ് 'വീട്ടിലെ ഊണ്' എന്ന ആശയം മനസിൽ വന്നത്. സ്ഥാപനം പ്രവർത്തിക്കുന്ന മേഖലയിൽ പൊതിച്ചോർ വിൽപനയുടെ ആവശ്യകതയുണ്ടായിരുന്നു. ഒരുപാടുപേർ പൊതിച്ചോർ വിൽപന നടത്തുന്നുണ്ടെങ്കിലും സ്വന്തം വീട്ടിൽ ലഭിക്കുന്ന അതേ ഭക്ഷണം മറ്റുള്ളവർക്കും എത്തിക്കണമെന്ന ആഗ്രഹമുണ്ടായി. പൊതിച്ചോർ നേരിട്ടുവന്ന് വാങ്ങുന്നവരും ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്നവരുമുണ്ട്.
ഐടി മേഖലയിലെ ജോലിയേക്കാൾ സ്വന്തം ബിസിനസ് മനസിന് തൃപ്‌തി നൽകുന്നുവെന്ന് പാർവതി പറയുന്നു. താൻ കാരണം നാല് കുടുംബങ്ങൾക്ക് പിന്തുണ ലഭിക്കുന്നു. നിരവധി തവണ ബിസിനസിൽ നഷ്ടം നേരിട്ടിട്ടുണ്ടെങ്കിലും അതെല്ലാം നേരിട്ട് മുന്നോട്ട് തന്നെ പോകാനാണ് പാർവതിയുടെ തീരുമാനം. ഒരു ഡൈനിംഗ് സ്‌പേസ് എന്ന രീതിയിൽ തന്റെ ബിസിനസ് വിപുലീകരിക്കാനാണ് പാർവതിയുടെ ആഗ്രഹം. ഇതിനായുള്ള തയ്യാറെടുപ്പിനെക്കുറിച്ച് പാർവതി കേരള കൗമുദി ഓൺലൈനോട് പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |