ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഉലഞ്ഞ ഇന്ത്യ-യു.എസ് ബന്ധം വ്യാപാരക്കരാറിലൂടെ വീണ്ടും വിളക്കിച്ചേർക്കാൻ ഊർജ്ജിത ശ്രമം.
വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമായേക്കും. ഈ മാസം 26 മുതൽ 28 വരെ മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് വരുന്നുണ്ട്. അവിടെവച്ച്
കരാർ അന്തിമമാകുമെന്നാണ് വിവരം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ നിർദേശം പാലിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവ 15 മുതൽ 16 ശതമാനംവരയായി കുറയ്ക്കുമെന്നാണ് സൂചന. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ ഇന്ത്യയും തയ്യാറായേക്കും. ജനിതകമാറ്റം വരുത്താത്ത ചോളം, സോയാബീൻ തുടങ്ങിയവ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാമെന്നും വ്യവസ്ഥ ഉണ്ടാവും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദീപാവലി ആശംസിക്കാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചിരുന്നു. നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തെന്നും, കൂടുതലും വ്യാപാര മേഖലയെ കുറിച്ചാണെന്നും ഓവൽ ഓഫീസിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് ട്രംപ് വെളിപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നൽകിയതായും ആവർത്തിച്ചു.
ട്രംപിന്റെ ഫോൺകോളിനും ദീപാവലി ആശംസയ്‌ക്കും മോദി നന്ദി പറഞ്ഞു. ദീപങ്ങളുടെ ഉത്സവസമയത്തും മഹത്തായ രണ്ടു ജനാധിപത്യ രാജ്യങ്ങൾ ലോകത്തെ പ്രത്യാശയാൽ പ്രകാശിപ്പിക്കുന്നത് തുടരട്ടെ. ഭീകരതയ്‌ക്കെതിരെ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടെന്നും മോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
ഇരുരാജ്യങ്ങൾക്കും
സമവായം അനിവാര്യം
# ആഗസ്റ്റിൽ 687 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.സെപ്തംബറിൽ 543 കോടി ഡോളറായി കുറഞ്ഞു. തുണിത്തരങ്ങൾ, സമുദ്രോത്പന്നങ്ങൾ, വജ്ര, സ്വർണാഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.
#കയറ്റുമതി കുറഞ്ഞതും ഇറക്കുമതിയിലെ കുതിപ്പും വ്യാപാര കമ്മി ഉയർത്തുന്നു. സെപ്തംബറിൽ വ്യാപാര കമ്മി പതിമൂന്ന് മാസത്തെ ഉയർന്ന നിരക്കായ 3,215 കോടി ഡോളറിലെത്തി.
#ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 34 ശതമാനവും റഷ്യയിൽ നിന്നാണ്. 2023ൽ ബാരലിന് 23 ഡോളർ വരെ ഇളവ് നൽകി.എന്നാൽ, ഇപ്പോൾ അഞ്ചു ഡോളറാണ് ഇളവ്. മാറിചിന്തിക്കാൻ ഇതും കാരണമായി.
ഇറക്കുമതി ചെയ്യുന്നതിൽ 10 ശതമാനം മാത്രമാണ് അമേരിക്കയിൽ നിന്നുള്ളത്. ഇത് വർദ്ധിപ്പിക്കും.
#ചൈന 5.2 ബില്യൺ ഡോളറിന്റെ ചാേളം അമേരിക്കയിൽ നിന്ന് ഇറക്കുമതിചെയ്തിരുന്നു.ഇപ്പോൾ 0.33 ബില്യൺ ഡോളറിന്റെ ചോളം മാത്രമാണ് വാങ്ങുന്നത്.
ചോളം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത് വരുമാനം നിലനിറുത്താനാണ് ട്രംപിന്റെ പദ്ധതി. പുതിയ വിപണികൾ കണ്ടെത്തി ഇന്ത്യ വ്യാപാരം വികസിപ്പിക്കുന്നതും മാറിചിന്തിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |