ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേനയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി റഷ്യയിൽ നിന്ന് 10,000 കോടിയുടെ മിസൈലുകൾ വാങ്ങാൻ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് നടക്കുന്ന പ്രതിരോധ അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) യോഗത്തിൽ വിഷയം പരിഗണിക്കും.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ യുദ്ധവിമാനങ്ങളും ചാരവിമാനങ്ങളും സുദർശന ചക്രം എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച എസ്-400 പ്രതിരോധ സംവിധാനത്തിലെ മിസൈലുകൾ തകർത്തിരുന്നു. 400 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ളതാണിവ. അതിർത്തിയിൽ എസ്-400ന്റെ പ്രാധാന്യം വ്യക്തമായ സാഹചര്യത്തിലാണ് കൂടുതൽ മിസൈലുകൾ വാങ്ങുന്നത്. ഇന്നത്തെ കൗൺസിൽ യോഗത്തിൽ വ്യോമസേനയുടെ നിർദ്ദേശം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചാൽ ഇടപാടുകൾ വേഗത്തിലാക്കും.
2018ൽ റഷ്യയുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള അഞ്ച് എസ്-400 യൂണിറ്റുകളിൽ മൂന്നെണ്ണം ഇന്ത്യയ്‌ക്ക് ലഭിച്ചു. റഷ്യ-യുക്രെയിൻ സംഘർഷത്തെ തുടർന്ന് ബാക്കി രണ്ടെണ്ണം കൈമാറുന്നത് വൈകിയിരുന്നു. ഇത് വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ എസ് -400 യൂണിറ്റുകൾ അല്ലെങ്കിൽ അവയുടെ പരിഷ‌്‌കരിച്ച,എസ് -500 സംവിധാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങാനും ചർച്ച നടക്കുന്നുണ്ട്. കൂടാതെ ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾക്കായും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നവീകരണവുമായി ബന്ധപ്പെട്ടും ചർച്ച പുരോഗമിക്കുകയാണ്.
സുദർശന ചക്രം
കൃത്യതയും വേഗതയും ആകാശ ലക്ഷ്യങ്ങളെ തകർക്കും
റഷ്യൻ കമ്പനിയായ അൽമാസ്-ആന്റേ വികസിപ്പിച്ചെടുത്തത്
400 കിലോമീറ്റർ വരെയുള്ള വ്യോമ ലക്ഷ്യങ്ങളെ ആക്രമിക്കും, 600 കിലോമീറ്റർ അകലെ നിന്നു വരുന്ന ഭീഷണികൾ കണ്ടെത്തും
വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയാൻ ഫലപ്രദം
360 ഡിഗ്രിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക റഡാർ ഒരേസമയം 100ലധികം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യും.
ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ 9എം. 83/92 (എസ്.എ-21 ഗ്രൗളർ), 9എം. 96 (എസ്.എ-24 ഗ്രിഞ്ച്) മിസൈലുകൾ
മൊബൈൽ ലോഞ്ചറുകളിൽ ഘടിപ്പിച്ചിച്ച് സൗകര്യപ്രദമായ സ്ഥലങ്ങളിൽ വിന്യസിക്കാം.
ഒരു യൂണിറ്റിൽ 72 ലോഞ്ചറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |