ന്യൂഡൽഹി: ന്യൂഡൽഹി: ബീഹാറിൽ മഹാമുന്നണിയിലെ തർക്കം അയഞ്ഞു. കോൺഗ്രസ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. ഇന്ന് വാർത്താസമ്മേളനത്തിൽ സംയുക്തമായി ഇക്കാര്യം പ്രഖ്യാപിക്കും. മഹാമുന്നണിയിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. 24ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തേജസ്വിയും സംയുക്ത റാലി നടത്താനും നീക്കമുണ്ട്.
മഹാസഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ തേജസ്വി ഇന്നലെ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി ഇന്നലെ കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലവാരും ലാലു പ്രസാദ് യാദവിനേയും തേജസ്വിയേയും കണ്ടിരുന്നു. കഴിഞ്ഞദിവസം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫോണിൽ തേജസ്വിയുമായി സംസാരിച്ചതും നിർണായകമായി. ഇതോടെ
സീറ്റുവിഭജനമെന്താകുമെന്ന് വരുംദിവസങ്ങളിലറിയാം. വൈശാലി ജില്ലയിലെ ലാൽഗഞ്ചിൽ, കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചതിനാൽ മത്സരം ഒഴിവായിരുന്നു. പ്രാൺപൂരിലും ധാരണയുണ്ടായേക്കുമെന്നിരിക്കെയാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതായുള്ള വാർത്ത വരുന്നത്. നവംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് പൂർത്തിയാകും.
വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് തേജസ്വി
അധികാരത്തിലെത്തിയാൽ ബീഹാറിലെ ജീവിക ദീദിമാർക്ക് 30,000 രൂപ പ്രതിമാസ ശമ്പളത്തോടെ സ്ഥിര ജോലി നൽകുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. നിതീഷ് കുമാർ സർക്കാർ നടപ്പാക്കിയ വനിതകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതിക്ക് ബദലായാണ് തേജസ്വിയുടെ പ്രഖ്യാപനം.
സ്വയം സഹായ ഗ്രൂപ്പുകൾ വഴി ഗ്രാമീണ വനിതകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിലെ അംഗങ്ങളാണ് ജീവിക ദീദിമാർ. ജീവിക ദീദിമാരുടെ അടുത്ത രണ്ട് വർഷത്തെ വായ്പാ പലിശ എഴുതിത്തള്ളുമെന്നും ഈ കാലയളവിൽ പലിശ രഹിത ക്രെഡിറ്റ് 2,000 രൂപ അധിക അലവൻസ്, 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ലഭിക്കുമെന്നും തേജസ്വി അറിയിച്ചു.
കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നും രണ്ട് വർഷം വരെയുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്നും തേജസ്വി യാദവ് പ്രഖ്യാപിച്ചു. ഭവനം,ഭക്ഷണം,വരുമാനം(മാ-മക്കാൻ,അന്ന,ആംദാനി) പെൺകുട്ടികൾക്കായി ബേട്ടി(ബെനിഫിറ്റ്, എജ്യൂക്കേഷൻ, ട്രെയിനിംഗ്, ഇൻകം)എന്നീ ക്ഷേമ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. കുടുംബങ്ങളെ ശക്തിപ്പെടുത്തി, ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതികളെന്ന് തേജസ്വി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |