ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കളിത്തോക്ക് ഉപയോഗിച്ച 14 കുട്ടികൾക്ക് കാഴ്‌ച നഷ്ടപ്പെട്ടു. ഗുരുതര നേത്ര പരിക്കുകളുമായി 122 കുട്ടികളെ വിവിധ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. മദ്ധ്യപ്രദേശിലാണ് സംഭവം. 'ദേസി ഫയർക്രാക്കർ ഗൺ' എന്ന് വിളിക്കുന്ന കാർബൈഡ് ഗൺ ഉപയോഗിച്ച കുട്ടികൾക്കാണ് കാഴ്‌ച നഷ്ടപ്പെട്ടത്.
മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കാഴ്‌ച നഷ്ടമായത്. ഒക്‌ടോബർ 18ന് മദ്ധ്യപ്രദേശ് സർക്കാർ കാർബൈഡ് ഗൺ നിരോധിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് പലരും വിൽപന നടത്തുകയായിരുന്നു. 150 രൂപ മുതൽ 200 രൂപവരെയാണ് ഇതിന്റെ വില. കളിപ്പാട്ടത്തിന്റെ രൂപത്തിലാണ് ഇത് കാണപ്പെടുന്നതെങ്കിലും ബോംബിന് സമാനമായാണ് ഇത് പൊട്ടിത്തെറിക്കുന്നത്. തോക്ക് ഉപയോഗിച്ചതിന് പിന്നാലെ കണ്ണുകൾ എരിയുകയായിരുന്നുവെന്നും പിന്നീട് കാഴ്‌ച നഷ്ടമായെന്നും ഇരകൾ വെളിപ്പെടുത്തുന്നു. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് കണ്ടുപഠിച്ച് സ്വന്തമായി തോക്ക് നിർമിച്ച് ഉപയോഗിച്ച ചിലർക്കും കാഴ്‌ച നഷ്ടമായി.
സംഭവത്തിൽ അനധികൃതമായി കളിപ്പാട്ടം വിറ്റതിന് വിദിഷ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. ഇത്തരം കളിപ്പാട്ടങ്ങൾ വിൽക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്ലാസ്റ്റിക് അല്ലെങ്കിൽ ടിൻ പൈപ്പുകളിൽ വെടിമരുന്ന്, തീപ്പെട്ടി കൊള്ളികൾ, കാൽസ്യം കാർബൈഡ് എന്നിവ നിറച്ച് ഒരു ദ്വാരത്തിലൂടെ കത്തിക്കുകയാണ് ചെയ്യുന്നത്. ഫയർ ക്രാക്കർ ഗൺ ചലഞ്ച് എന്ന പേരിൽ ഇത്തരം തോക്ക് ഉപയോഗിക്കുന്നതിന്റെ റീലുകളും ഏറെ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |