അഡ്‌ലെയ്ഡ്: ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസീസിന് 265 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ഓപ്പണർമാരായ രോഹിത് ശർമയുടെയും (73), ശ്രേയസ് അയ്യരുടെയും (61) അർദ്ധസെഞ്ച്വറികളാണ് ഇന്ത്യൻ ടീമിന് കരുത്തായത്.
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യ ഏകദിനത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ മറുപടി തേടിയെത്തിയ ഇന്ത്യക്ക് ശുഭകരമായ തുടക്കമല്ല ലഭിച്ചത്. ഓസീസിനായി പന്തെറിഞ്ഞ സേവ്യർ ബാർട്ട്‌ലെറ്റ് ഒരൊറ്റ ഓവറിൽ ഇന്ത്യക്ക് ഇരട്ടപ്രഹരമാണ് ഏൽപ്പിച്ചത് ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ, സൂപ്പർ താരം വിരാട് കൊഹ്‌ലിയെ (0) വീണ്ടും സംപൂജ്യനാക്കി കൂടാരത്തിലേക്ക് അയച്ചു. ഇതോടെ പരമ്പരയിൽ കൊഹ്‌ലിക്ക് തുടർച്ചയായ രണ്ടാം ഡക്കായി.
എന്നാൽ തുടക്കത്തിലെ ടീമിന്റെ പതർച്ചയ്ക്ക് ശേഷം രോഹിതും അയ്യരും ചേർന്ന് ഇന്ത്യയുടെ സ്കോർ ഉയർത്തി. 118 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. കടുപ്പമേറിയ പിച്ചിൽ പൊരുതി നേടിയ 73 റൺസാണ് രോഹിതിന്റെ സ്കോർ. അയ്യർ ആകട്ടെ 61 റൺസുമായി മികച്ച പിന്തുണ നൽകി.
മദ്ധ്യനിരയിൽ വിക്കറ്റുകൾ വീണ്ടും നഷ്ടമായെങ്കിലും, അക്ഷർ പട്ടേൽ(44) നിർണായക പങ്കുവഹിച്ചു. അവസാന ഓവറുകളിൽ ഹർഷിത് റാണയും (24)അർഷ്ദീപ് സിംഗും (13) നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 260 കടത്തി ശക്തമായ സ്കോർ സമ്മാനിച്ചത്. അതേസമയം ഓസീസിനായി ആദം സാംപ നാലു വിക്കറ്റുകൾ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |