ലക്‌നൗ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട 48കാരൻ പിടിയിൽ. അഹത ഗ്രാമത്തിലെ നർപത്പൂർവ്വ സ്വദേശിയായ ഹരികിഷൻ ആണ് അറസ്റ്റിലായത്. ബരാബങ്കി ജില്ലയിലെ ദുർഗാപൂർ തപേസി ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് ഖുശ്‌വാഹ പറഞ്ഞു.
ഹരിയാനയിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്‌തിരുന്ന ഹരികിഷൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഒക്‌ടോബർ ആറ് മുതലാണ് ഹരികിഷന്റെ ഭാര്യ ഫൂല ദേവിയെ (45) കാണാതാകുന്നത്. തുടർന്ന് ഒക്‌ടോബർ 13ന് അവരുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. അന്വേഷണം നടന്നെങ്കിലും സ്‌ത്രീയെ കണ്ടെത്താനായില്ല. ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഹരികിഷന്റെ കട്ടിലിനടിയിലെ മണ്ണ് ഫൂലയുടെ സഹോദരൻ കാണുന്നത്. ഉടൻ തന്നെ പൊലീസിനെ വിളിച്ചുവരുത്തി. ഇതിനിടെ ഹരികിഷൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടർന്ന് കട്ടിലിനടിയിൽ കുഴിച്ചപ്പോൾ ആറടി താഴ്‌ചയിൽ ഫൂല ദേവിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ശേഷം നടത്തിയ തെരച്ചിലിൽ ഹരികിഷനെ പിടികൂടുകയായിരുന്നു.
ഫൂല ദേവിക്ക് ഗ്രാമത്തിലുള്ള ഗുഡു എന്ന യുവാവുമായി ബന്ധമുണ്ടെന്ന് താൻ കണ്ടെത്തിയെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും ഹരികിഷൻ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തുവെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |