തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ ആഗോളതല പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു ശിവഗിരിയിലെത്തി. ഇന്നുരാവിലെ പത്തുമണിയോടെയാണ് രാഷ്‌ട്രപതി ശിവഗിരിയിലേയ്ക്ക് പുറപ്പെട്ടത്. പാപനാശം ഹെലിപ്പാട് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിച്ചേർന്ന രാഷ്ട്രപതി റോഡ് മാർഗമാണ് ശിവഗിരിയിലെത്തിയത്.
ശിവഗിരിയിലെത്തിയ ദ്രൗപദി മുർമു മഹാസമാധിയിൽ ദർശനം നടത്തി. ശേഷം തീർത്ഥാടന ഓഡിറ്റോറിയത്തിൽ ശ്രീനാരായണഗുരു മഹാപരിനിർവാണ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. 2028 വരെ നീണ്ടുനിൽക്കുന്ന ആഗോളതല പരിപാടികൾക്കാണ് രാഷ്‌ട്രപതി ഉദ്ഘാടന കർമം നിർവഹിക്കുന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മന്ത്രി വി.എൻ. വാസവൻ, മന്ത്രി വി. ശിവൻകുട്ടി, മുൻ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 1.30മുതൽ 2.40വരെ ശിവഗിരി മഠത്തിൽ രാഷ്ട്രപതി ചെലവഴിക്കും. മഠത്തിലെ സന്യാസി ശ്രേഷ്‌ഠർക്കൊപ്പം ഉച്ചഭക്ഷണത്തിന് ശേഷം 2.50ന് പാപനാശം ഹെലിപ്പാടിൽ നിന്നും രാഷ്ട്രപതി മടങ്ങുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |