സാൻ ബർണാർഡിനോ: ട്രക്ക് ഇടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. അമേരിക്കയിലെ ദക്ഷിണ കാലിഫോർണിയയിലാണ് സംഭവം. ലഹരി ഉപയോഗിച്ച് സെമി-ട്രക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ ജഷൻപ്രീത് സിംഗ് (21) ആണ് പിടിയിലായത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലഹരി ഉപയോഗിച്ച ശേഷം അശ്രദ്ധമായി വാഹനമോടിച്ച് ആളപായമുണ്ടാക്കിയെന്ന കുറ്റമാണ് ഡ്രൈവർക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സാൻ ബർണാർഡിനോ കൗണ്ടിയിലെ ഫ്രീവേയിൽ സാവധാനം നീങ്ങുകയായിരുന്ന വാഹനങ്ങളുടെ നിരയിലേക്കാണ് ജഷൻപ്രീത് സിംഗ് ഓടിച്ച ട്രക്ക് ഇടിച്ചുകയറിയത്.
സിംഗിന്റെ ട്രക്കിലുണ്ടായിരുന്ന ഡാഷ്‌കാമിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങളെയം സമീപത്ത് പാർക്ക് ചെയ്തിരുന്ന വണ്ടികളെയും ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ തൽക്ഷണം മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ജഷൻപ്രീത് സിംഗും സമീപത്ത് ടയർ മാറ്റുന്നതിന് സഹായിക്കുകയായിരുന്ന മെക്കാനിക്കും ഉൾപ്പെടുന്നു.
ലഹരിയുടെ പിടിയിലായിരുന്ന ജഷൻപ്രീത് വാഹനം ബ്രേക്ക് ചെയ്യാത്തത് വലിയൊരു അപകടത്തിലേക്ക് വഴി വച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വൈദ്യപരിശോധനയിൽ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
2022ലാണ് യുഎസിന്റെ ദക്ഷിണ അതിർത്തി വഴി ജഷൻപ്രീത് സിംഗ് രാജ്യത്തേക്ക് കടന്നത്. 2022 മാർച്ചിൽ കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ വച്ച് ഇയാളെ ബോർഡർ പട്രോൾ ഏജന്റുമാർ പിടികൂടിയിരുന്നു. എന്നാൽ ഹിയറിംഗുകൾക്കായി കാത്തിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ വിട്ടയക്കുന്നതിന്റെ ഭാഗമായി ബൈഡൻ ഭരണകൂടം ഇയാളെ രാജ്യത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) നിയമപരമായി ഇയാൾക്ക് യുഎസിൽ തുടരാനാകില്ലെവന്ന് സ്ഥിരീകരിച്ചു. അറസ്റ്റിനെ തുടർന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഇയാൾക്കെതിരെ ഇമിഗ്രേഷൻ ഡിറ്റൈനർ ഫയൽ ചെയ്തിട്ടുണ്ട്.
അനധികൃതമായി രാജ്യത്തേക്ക് കടന്ന ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ട ഏറ്റവും പുതിയ സംഭവമാണിത്. ഇതിനുമുമ്പ് ഓഗസ്റ്റിൽ, ഹർജിന്ദർ സിംഗ് എന്ന ഇന്ത്യൻ കുടിയേറ്റക്കാരൻ ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്സിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരനായിരുന്നു. 2018ൽ അനധികൃതമായി രാജ്യത്തേക്ക് കടന്ന ഇയാൾ കാലിഫോർണിയയിൽ നിന്ന് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് (സിഡിഎൽ) നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |