1986 സെപ്തംബർ 25, പാതിരാത്രിയോടടുക്കുന്ന നേരം. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊടുന്നനെ മാനംമുട്ടുന്ന തീ ഉയർന്നു. ഒപ്പം കറുത്തപുകയും... എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ഒരുപിടിയും കിട്ടിയില്ല. അല്പം കഴിഞ്ഞപ്പോൾ പച്ചമാസം കത്തുന്ന രൂക്ഷ ഗന്ധവും. എന്തോ അരുതാത്തത് സംഭവിച്ചുവെന്ന് സമീപത്തുള്ളവർക്ക് ബാേദ്ധ്യപ്പെട്ടു. കിലോമീറ്ററുകൾക്ക് അപ്പുറമുള്ളവർക്കുപോലും തീ കാണാമായിരുന്നു. രണ്ടും കല്പിച്ച് അവർ റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച.
ട്രാക്കിൽ കിടക്കുന്ന ഗുഡ്സ് ട്രെയിനിലെ പെട്രോൾ നിറച്ച വാഗണുകൾ നിന്നുകത്തുന്നു. ഇതിനിടയിൽ ആരുടെയാെക്കയോ ഞരക്കങ്ങളും മൂളലുകളും. അടുക്കാനാകാത്ത ചൂടും പുകയും. ഓടിയെത്തിയവർക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥ. വിവരമറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിശമനസേനയുടെ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. നാലുവാഗണുകളിലേക്ക് തീ പടർന്നെങ്കിലും അതിൽ ഒരുവാഗൺ മാത്രമാണ് കത്തിനശിച്ചത്. റെയിൽവേ ജീവനക്കാരായ രണ്ട് ചെറുപ്പക്കാർക്കാണ് ആ അപകടത്തിൽ ജീവൻ നഷ്ടമായത്. ജീവിച്ചുതുടങ്ങും മുമ്പാണ് അവരെ മരണം തട്ടിയെടുത്തത്. സ്പോർട്‌സിലുൾപ്പെടെ കേരളത്തിന് മുതൽക്കൂട്ടാകേണ്ടിയിരുന്നവർ.
വാഗണുകൾക്ക് തീ പിടിച്ച് ജീവഹാനിയുണ്ടാകുന്ന കേരളത്തിലെ ആദ്യസംഭവമായിരുന്നു ഇത്. തിരുവനന്തപുരം വർക്കല സ്വദേശിയായ പ്രതാപചന്ദ്രയും ഷൊർണൂർ സ്വദേശിയായ സ്വാമിനാഥനുമാണ് മരിച്ചത്. മറ്റുചിലർക്ക് പൊള്ളലേറ്റു.
എല്ലാത്തിനും കാരണം റാന്തൽവിളക്ക്
അന്നത്തെക്കാലത്ത് ട്രാക്ക് പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾ നടത്താനുള്ള വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത് മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന റാന്തൽ വിളക്കുകളായിരുന്നു. ഇരുമ്പനത്തുനിന്ന് പെട്രോളും ഡീസലും നിറച്ചുവന്ന ട്രെയിൻ ഹോട്ട് ആക്സിൽ പ്രശ്നത്തെത്തുടർന്ന് രാത്രിയാണ് ചങ്ങനാശേരി റെയിൽവേസ്റ്റേഷനിൽ നിറുത്തിയിട്ടത്. ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് തകരാർ നോക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇവരുടെ കൈയിലുണ്ടായിരുന്ന റാന്തലിൽ നിന്ന് എങ്ങനെയോ വാഗണിലേക്ക് തീ പടരുകയായിരുന്നു.
അപകടത്തിൽ മരിച്ചതിൽ പ്രതാപൻ നായർ ഒന്നാന്തരം ബോൾ ബാറ്റ്മിൻഡൻ കളിക്കാരനായിരുന്നു. അസപ്ഷൻ കോളേജിലെയും എസ്ബി കോളേജിലെയും കുട്ടികൾക്ക് അദ്ദേഹം പരിശീലനം നൽകിയിരുന്നു. ശിഷ്യരായിരുന്നവർ ഇന്നും അദ്ദേഹത്തെ നന്ദിപൂർവം സ്മരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട കോച്ചിന്റെ ജീവനെടുത്ത അപകടം ഇന്നലെ സംഭവിച്ചപോലെ പലരുടെയും മനസിലുണ്ട്.
പിറ്റേന്ന് രാവിലെ കണ്ടത്
അപകടം ഉണ്ടായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് അടുത്താണ് പ്രശസ്തമായ സേക്രട്ട് ഹാർട്ട് സ്കൂൾ. സ്കൂളിന് സമീപത്തെ തെങ്ങുകൾ പോലും വാഗൺ കത്തിയുണ്ടായ കടുത്ത ചൂടിൽ വാടിക്കരിഞ്ഞുപോയി. പിറ്റേന്ന് നേരം വെളുത്തപ്പോൾ അപകടസ്ഥലത്തെത്തിയവർ കണ്ട കാഴ്ച അതിദയനീയമായിരുന്നു ഒരാളുടെ പാദത്തിലെ തൊലി അപ്പാടെ അടർന്ന് നിലത്തുകിടക്കുന്നു. അകപടസ്ഥലത്തിന് താെട്ടടുത്ത് എല്ലാത്തിനും സാക്ഷിയെന്നോണം റാന്തലിന്റെ ചില ഭാഗങ്ങളും. അന്ന് സ്കൂൾ വിദ്യാർത്ഥികളായിരുന്ന പലരുടെയും മനസിൽ അതേക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും നടുക്കം.
ആർക്കുവേണം സ്മാരകം
കേരളത്തിലെ ഇത്തരത്തിലെ ആദ്യ ദുരന്തമായതിനാൽ സ്റ്റേഷൻ കെട്ടിടത്തിൽ തന്നെ ഇരുവരുടെയും ഓർമ്മയ്ക്കായി സ്മാരക ശില സ്ഥാപിച്ചു. സ്റ്റേഷൻ കെട്ടിടം പലതവണ പുതുക്കിയെങ്കിലും സ്മാരക ശിലയ്ക്ക് ഒരുമാറ്റവുംവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ 2007ൽ വീണ്ടും കെട്ടിടം പുതുക്കിയപ്പോൾ അന്നത്തെ കോൺട്രാക്ടർ ശില എടുത്തുമാറ്റി. റെയിൽവേ അധികാരികളുടെയോ മറ്റുയാത്രക്കാരുടെയും ശ്രദ്ധയിൽ ഇതുപെട്ടില്ല. ഏറെ വൈകിയാണ് ഇത് തിരിച്ചറിഞ്ഞത്. അത് എവിടെയെന്നുപോലും ഇപ്പോൾ ആർക്കും അറിയില്ല. സ്മാരകശില തിരികെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തകനും പൊതുപ്രവർത്തകനുമായ രമേഷ് മാത്യുവിന്റെ നേതൃത്വത്തിൽ റെയിൽവേ അധികാരികളെ സമീപിച്ചു. ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുകൊടുത്തെങ്കിലും അതെല്ലാം കുറുപ്പിന്റെ ഉറപ്പായി. വിഷയം കൊടുക്കുന്നിൽ സുരേഷ് എംപിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.ഉറപ്പായും സ്മാരക ശില തിരികെ സ്ഥാപിക്കുമെന്നാണ് എംപിയുടെ ഉറപ്പ്.
(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: രമേഷ് മാത്യു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |