തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ളയ്‌ക്ക് എതിരെ ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയറ്റ് ഉപരോധവും നാളെയും മറ്റന്നാളുമായി നടക്കും. കൊള്ളയുടെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ഒക്ടോബർ 24-25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും. സ്വർണ്ണമോഷണത്തിൽ കൃത്യമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
'അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ജീവനക്കാരെ മാത്രം പ്രതിയാക്കി രക്ഷപ്പെടാൻ ആരെയും അനുവദിക്കില്ല. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും പങ്ക് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ ദേവസ്വം ബോർഡുകൾ ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും നടന്നത് വൻമോഷണമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്' ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷ് പറഞ്ഞു.
സ്വർണ്ണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക,
ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളിലൂടെ അന്വേഷിപ്പിക്കുക, സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര സിഎജി ഓഡിറ്റ് നടത്തുക. എന്നീ ആവശ്യങ്ങളാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധത്തിൽ വിവിധ ജില്ലകളിൽ നിന്ന് 25,000ത്തോളം പ്രവർത്തകർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |