SignIn
Kerala Kaumudi Online
Friday, 24 October 2025 2.14 PM IST

ഒരു ബൈക്കിടിച്ചാൽ കത്തുന്നതാണോ വോൾവോ ബസ്? കുർണൂലിൽ പൊലിഞ്ഞത് 20 ജീവനുകൾ, അപകടത്തിന് കാരണം

Increase Font Size Decrease Font Size Print Page
bus

ഇന്ന് പുലർച്ചയോടെയാണ് രാജ്യത്തെയൊട്ടാകെ ഞെട്ടിച്ച സംഭവം ആന്ധ്രാപ്രദേശിലുണ്ടായത്. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സ്വകാര്യ വോൾവോ ബസ് ഒരു അപകടത്തെ തുടർന്ന് പൂർണമായും കത്തിനശിക്കുകയായിരുന്നു. അപകടത്തിൽ 20ലധികം പേരാണ് രക്ഷപ്പെടാൻ വേറൊരു വഴിയുമില്ലാതെ വെന്തുമരിച്ചത്. ബൈക്കിടിച്ചതോടെ വോൾവോ ബസിന്റെ എഞ്ചിനിൽ നിന്ന് തീപടർന്നെന്നും നിമിഷനേരം കൊണ്ട് വാഹനത്തിൽ മുഴുവനായി തീ പടരുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്തത്. 21 യാത്രക്കാർ ബസിന്റെ എമർജൻസി ജനാലകളിലൂടെ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഇവരെ കുർണൂലിലെ താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


യഥാർത്ഥത്തിൽ സംഭവിച്ചത്
പുലർച്ചെ മൂന്നരയോടെ അമിതവേഗതയിലെത്തിയ ബൈക്ക് ബസിലെ ഇന്ധന ടാങ്കിലേക്ക് (ഫ്യൂവൽ ടാങ്ക്) ഇടിച്ചുകയറുകയായിരുന്നു. ഇതാണ് പെട്ടെന്നുളള സ്‌ഫോടനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം ഷോർട്ട് സർക്യൂട്ട് കാരണം ബസിലെ വാതിലുകൾ തുറക്കാനാകാത്ത അടഞ്ഞു പോകുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ വന്നു. ചിലർ ഗ്ലാസ് വിൻഡോകൾ തകർത്ത് പുറത്തുകടക്കുകയായിരുന്നു. മിനിട്ടുകൾക്കുളളിൽ വോൾവോ ബസ് പൂർണമായി കത്തിനശിച്ചു.

bus

മരിച്ചവർ

യാത്രക്കാർ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു അപകടമുണ്ടായത്. ഇത് മരണനിരക്ക് ഉയരാൻ കാരണമായി. ഈ സമയത്ത് ഉണർന്നിരുന്നവരിലേറെയും രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിലേറെയും 25നും 35നും ഇടയിൽ പ്രായമുളളവരാണ്. രണ്ട് കുട്ടികളും രണ്ട് ഡ്രൈവർമാരും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ബസിന്റെ ഡ്രൈവർമാർ അപകടം നടന്ന് നിമിഷങ്ങൾക്കുളളിൽ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവർക്കായുളള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

പുലർച്ചെ നടന്ന അപകടമായതുകൊണ്ട് രക്ഷാപ്രവർത്തനത്തിനെത്തിച്ചേരാൻ അധികം ആളുകളും ഇല്ലായിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായിട്ടുണ്ട്. യാത്രക്കാരുടെ നിലവിളി കേട്ടതോടെയാണ് സമീപവാസികൾ റോഡിലേക്ക് പാഞ്ഞടുത്തത്. പിന്നാലെ തന്നെ കുർണൂലിലെ അഗ്നിശമനാസേനയെ വിവരമറിയിക്കുകയായിരുന്നു.

നാല് ഫയർ എഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസമയത്ത് കനത്ത മഴ പെയ്തതും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും വിവരമുണ്ട്. ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘമെത്തിയാണ് പരിശോധന നടത്തുന്നത്. അതേസമയം, ബസിന്റെ ഉൾഭാഗത്ത് തീപിടിക്കാൻ സാദ്ധ്യതയുളള വസ്തുക്കൾ ശേഖരിച്ചുവച്ചിരുന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വാഹനം അഗ്നിസുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും അതോ അശ്രദ്ധ മൂലമാണോ സംഭവം നടന്നതെന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്.

അപടകത്തിൽപ്പെട്ടവരിലേറെയും ഹൈദരാബാദ് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുളളവർ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദി അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേ​റ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.


കുർണൂൽ ജില്ലാ കളക്ടർ ഔദ്യോഗികമായി പുറത്തുവിട്ട വിവരമനുസരിച്ച് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നുവെന്നാണ്. അതിൽ 21 പേരെ രക്ഷപ്പെടുത്തി. 20 പേരാണ് മരിച്ചത്. ഇതിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുളളവരെ തിരിച്ചറിയാനുളള നടപടികൾ നടത്തിവരികയാണെന്നാണ് അധികൃതർ അറിയിച്ചത്.

രക്ഷപ്പെട്ടവരുടെ പ്രതികരണങ്ങൾ
ബസ് നിറയെ പുക പടർന്നതോടെയാണ് കണ്ണുതുറന്നതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരി ഹരിക പറയുന്നു. പുകയും തീയും പടർന്നതോടെ രക്ഷപ്പെടൽ കഠിനമായി മാറിയെന്നും ഒടുവിൽ ബസിന്റെ പിൻവാതിൽ പണിപ്പെട്ട് തകർത്താണ് പുറത്തുകടന്നതെന്ന് അവർ പറയുന്നു. തന്നെപ്പോലെ ബസിൽ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. അവരെല്ലാം നിലവിളികൾ കേട്ട് ഉണരുകയായിരുന്നു. സ്ലീപ്പർ ബസായതുകൊണ്ട് ഒരോ സീ​റ്റും കർട്ടനുകൾ കൊണ്ട് മറച്ചിരുന്നു. അതിനാൽത്തന്നെ രക്ഷപ്പെടുന്നതിനിടയിൽ സീ​റ്റുകളിൽ ആളുകളുണ്ടോയെന്ന കാര്യം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അവർ പറയുന്നു. മ​റ്റൊരു യാത്രികയായ സൂര്യയും പ്രതികരിച്ചു. ബസിലേക്ക് ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. സംഭവിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തതയില്ല. ബസിന്റെ കാര്യക്ഷമതയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് അറിയാൻ സാധിച്ചതെന്നും അവർ പറഞ്ഞു.

passengers

രാജസ്ഥാനിലെ അപകടം

രാജസ്ഥാനിൽ ഒക്ടോബർ 14 ന് തായാത്ത് ഗ്രാമത്തിന് സമീപം ജയ്സാൽമീർ-ജോധ്പൂർ ബസിന് തീപിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ കുർണൂലിൽ ദുരന്തം സംഭവിക്കുന്നത്. അന്ന് എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ കൂടുതൽ ശക്തമായ അഗ്നി സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് രണ്ട് സംഭവങ്ങളും ഉയർത്തിക്കാട്ടുന്നതെന്ന് അധികൃതർ പറയുന്നു.

TAGS: ACCIDENT, KURNOOL, ISSUE, VOLVO BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.