
തിരുവനന്തപുരം: പി.എം ശ്രീയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം മുന്നണി മര്യാദകളുടെ ലംഘനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം എന്താണെന്നതിൽ സി.പി.ഐ ഇരുട്ടിലാണ്. പദ്ധതിയെക്കുറിച്ചറിയാൻ എൽഡിഎഫിലെ ഓരോ പാർട്ടിക്കും അവകാശമുണ്ട്. ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ് ഇതെല്ലാം അറിയാൻ അവകാശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി ഒക്‌ടോബർ 27ന് സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'എൽഡിഎഫിൽ ഇതേക്കുറിച്ച് ചർച്ച നടന്നിട്ടില്ല. ഘടകപാർട്ടികളെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കാതെ അല്ല മുന്നോട്ട് പോകുന്നതെന്നാണ് എൽഡിഎഫ് പറയുന്നത്. എൽഡിഎഫിന്റെ എല്ലാ മഹത്വങ്ങളും ആരെക്കാളും ബോദ്ധ്യമുള്ള പാർട്ടിയാണ് സി.പി.ഐ. അതിനാൽതന്നെ ഇത്രയേറെ ഗൗരവമുള്ള കാര്യത്തിൽ കേരളത്തിന്റെ എൽഡിഎഫ് സർക്കാർ പങ്കാളിയാകുമ്പോൾ അതിന്റെ ഉള്ളടക്കം ഘടകപാർട്ടികളെ അറിയിക്കാതിരിക്കുന്നതിലെ രാഷ്ട്രീയം സി.പി.എമ്മിന് മനസിലാകുന്നില്ല. മന്ത്രിസഭയിലും ധാരണാപത്രത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. നയപരമായ തീരുമാനങ്ങൾക്കായി ക്യാബിനറ്റ് മാറ്റിവച്ച വിഷയമാണ്. പിന്നീടത് ക്യാബിനറ്റ് ചർച്ചയ്ക്ക് വന്നിട്ടില്ല.
എവിടെയും ചർച്ച ചെയ്യാതെ ഘടക പാർട്ടികളെ തന്നെ ഇരുട്ടിലാക്കിക്കൊണ്ടാണ് പദ്ധതിയിൽ ഒപ്പിട്ടത്. ഇതല്ല എൽഡിഎഫിന്റെ ശൈലി. എൽഡിഎഫ് വാക്കിലും പ്രവൃത്തിയിലും ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളെയും മര്യാദകളെയും ഉൾക്കൊള്ളാൻ കടപ്പെട്ടവരാണെന്ന് സിപിഐയ്ക്ക് ബോദ്ധ്യമുണ്ട്'- ബിനോയ് വിശ്വം വ്യക്തമാക്കി.
'കേൾക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് ഞാൻ ഇന്നലെ പറഞ്ഞത്. ആ വാർത്ത ശരിയായിരുന്നു. ഒപ്പിട്ട് കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ സി.പി.ഐ ആവർത്തിച്ച് പറയുന്നു, ആ ഒപ്പിടൽ മുന്നണിമര്യാദകളുടെ ലംഘനമാണ്. ഇത് എൽഡിഎഫിന്റെ ഭാഗത്തുനിന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. എൽഡിഎഫ് അങ്ങനെ ആയിരുന്നില്ല തീരുമാനമെടുക്കേണ്ടിയിരുന്നത്. ഇടതുപക്ഷ ആശയങ്ങളെയും മൂല്യങ്ങളെയും മറന്നുകൊണ്ടുള്ള ശൈലി തിരുത്തപ്പെടേണ്ടതാണ്. അത് തിരുത്തിയേ തീരു. കമ്മ്യൂണിസ്റ്റ് പാർട്ടി എൽഡിഎഫ് കൺവീനർക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. പി.എം ശ്രീയെക്കുറിച്ച് ലഭ്യമായ രേഖകളെല്ലാം നമ്മൾ വായിച്ചുനോക്കിയിട്ടുണ്ട്. പി.എം ശ്രീയെക്കുറിച്ച് ഞങ്ങൾ മനസിലാക്കിയത് അത് എൻഇപിയുടെ ഒരു ഷോക്കേസ് ആണെന്നാണ്. പദ്ധതിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. പി.എം ശ്രീ പോലെ ഒന്നിൽ ഇടപെടുമ്പോൾ എൽഡിഎഫ് സർക്കാർ പലവട്ടം ചിന്തിക്കണം'- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |