
കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾക്കും ദന്തശില്പങ്ങൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഉടമസ്ഥത അനുവദിക്കണമെങ്കിൽ വ്യവസ്ഥകൾ കർശനമായി പാലിച്ച് പുതിയ വിജ്ഞാപനമിറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ആഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 വസ്തുക്കളും കണ്ടെത്തിയത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറി. ഇതിനിടെയാണ് മോഹൻലാലിന് ഉടമസ്ഥത അനുവദിച്ചത്. സർക്കാർ നടപടികളിൽ അപാകത ചൂണ്ടിക്കാട്ടി പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ.എ. പൗലോസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
1972ലെ വന്യജീവി നിയമപ്രകാരം ഇത്തരം വസ്തുക്കൾ കൈവശം വയ്ക്കുന്ന വ്യക്തികൾക്കോ ഗ്രൂപ്പിനോ നിയമപരിരക്ഷ നൽകാൻ സർക്കാരിന് കഴിയും. ഇതിനായി പ്രത്യേക വിജ്ഞാപനമിറക്കുകയും ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും വേണം. തുടർന്ന് കക്ഷികൾ ഇത്തരം സ്വത്തുക്കൾ വെളിപ്പെടുത്തി അപേക്ഷ നൽകണം. എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ വിജ്ഞാപനം ഗസറ്റിൽ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും സർക്കാർ ഇറക്കിയ ഉത്തരവുകൾ നിയമവിരുദ്ധവും അപ്രായോഗികമാണെന്ന് കണ്ട് അസാധുവാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ 2016 ജനുവരി 16നും ഏപ്രിൽ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും റദ്ദാക്കി.
ഗസറ്റിൽ പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക ന്യൂനതയാണെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അനധികൃത കൈവശം ക്രമപ്പെടുത്താനുള്ള അധികാരം വിനിയോഗിക്കുമ്പോൾ നടപടിക്രമങ്ങൾ പാലിക്കണം.. ഹർജി പൊതുതാത്പര്യത്തിലല്ലെന്നും വ്യക്തിവിദ്വേഷത്തിലാണെന്നുമുള്ള എതിർ വാദങ്ങളും തള്ളി. വ്യവസ്ഥകൾ പാലിച്ച് വീണ്ടും വിജ്ഞാപനമിറക്കുന്നതിൽ തടസമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |