
വാഷിംഗ്‌ടൺ: കോടിക്കണക്കിന് ഡോളർ പ്രതിഫലം കിട്ടിയതോടെ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയെന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. പാകിസ്ഥാനിലെ പ്രസിഡന്റായിരുന്ന പർവേസ് മുഷാറഫാണ് നിയന്ത്രണം കൈമാറിയതെന്നും സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോൺ കിരിയാക്കോ വെളിപ്പെടുത്തി. പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വൻ അഴിമതിക്കാരാണെന്നും എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു.
'മുഷറഫ് സർക്കാരുമായി അമേരിക്കയ്ക്ക് നല്ല ബന്ധമായിരുന്നു. സ്വേച്ഛാധിപതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അമേരിക്കയ്ക്ക് വലിയ ഇഷ്ടമാണ്. പാെതുജനങ്ങളെയും മാദ്ധ്യമങ്ങളെയും ഭയക്കേണ്ട എന്നതുതന്നെ കാരണം. അതിനാൽ അമേരിക്ക മുഷാറഫിനെ വിലകൊടുത്ത് വാങ്ങി. ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക മുഷാറഫിന് നൽകിയത്. സൈനിക സഹായത്തിനും വികസനപ്രവർത്തനങ്ങൾക്കുമെല്ലാം പണം നൽകി. പാകിസ്ഥാനിലെ ആണവായുധങ്ങളുടെ നിയന്ത്രണം കൈമാറിയ വിവരം ഞാൻ അറിയുന്നത് 2002 ലാണ്. ആണവായുധങ്ങൾ ഭീകരരുടെ പക്കൽ എത്തുമോ എന്ന് ഭയന്നാണ് നിയന്ത്രണം അമേരിക്കയ്ക്ക് നൽകിയത്. ആഴ്ചയിൽ നിരവധി തവണ അമേരിക്കൻ ഉദ്യോഗസ്ഥർ മുഷാറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു- ജോൺ കിരിയാക്കോ പറയുന്നു.
അമേരിക്കയും സൗദിയുമായുള്ള ബന്ധം ഒരു കൊടുക്കൽ, വാങ്ങൽ ബന്ധം മാത്രമാണെന്നാണ് ജോൺ കിരിയാക്കോ പറയുന്നത്. ഞങ്ങൾ അവരുടെ എണ്ണവാങ്ങുന്നു, അവർ ഞങ്ങളുടെ ആയുധങ്ങൾ വാങ്ങുന്നു എന്നാണ് കിരിയാക്കോ ഇതിനെക്കുറിച്ച് പറയുന്നത്. ലോകത്തിന്റെ പ്രവർത്തനരീതിയിൽ ഇപ്പോൾ ഒരു പരിവർത്തനത്തിന് തങ്ങൾ സാക്ഷ്യംവഹിച്ചുകാെണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |