 
                 
                 
            
കൊച്ചി: നഗരഹൃദയത്തിൽ സഹോദരൻ അയ്യപ്പൻ റോഡിന് സമീപമുള്ള ഇടറോഡിലെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കണ്ണൂർ സ്വദേശി സഫീറിന് 'അടിമുടി' ക്രിമിനൽ മനസ്. സദാ തിരക്കുള്ള മെയിൻ റോഡിൽനിന്ന് 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന വീട് ദിവസങ്ങളോളം നിരീക്ഷിച്ച് നടത്തിയ കവർച്ച 'വിജയിച്ചെങ്കിലും പൊലീസ് തന്നെ തിരിച്ചറിയില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം പാളി.
എറണാകുളത്ത് ജ്യൂസ് കടയും ബെംഗളൂരുവിൽ പലചരക്ക് കടയും നടത്തി പാളിപ്പോപ്പോഴാണ് എറണാകുളം ചളിക്കവട്ടത്ത് കുടുംബസമേതം താമസം തുടങ്ങിയതും ഓൺലൈൻ ഭക്ഷണവിതരണത്തിലേക്ക് തിരിഞ്ഞതും കടബാധ്യതകൾ മാറ്റാനാണ് കവർച്ച പദ്ധതിയിട്ടത്. കഴിഞ്ഞദിവസം അറസ്റ്റിലാപ്പോഴും ആദ്യം കുറ്റസമ്മതം നടത്താൻ പ്രതി തയ്യാറായില്ല. കവർച്ച നടന്ന വീടിന് സമീപത്തെ തോട്ടിൽ ആഭരണങ്ങൾ ഒളിപ്പിച്ചെന്നായിരുന്നു ആദ്യം പറഞ്ഞത്.
ഇതുൾപ്പെടെ അന്വേഷണ സംഘത്തെ കുഴപ്പിക്കാനും വഴിതിരിക്കാനും സഫീർ നടത്തിയ ശ്രമം ക്രിമിനൽ സ്വഭാവത്തിന് മറ്റൊരു തെളിവായി. കുടുംബ സമേതമാണ് പ്രതി എറണാകുളത്ത് താമസിക്കുന്നത്. കടവന്ത്ര എസ്.ഐ. കെ. ഷാഹിനയുടെ നേതൃത്വത്തിൽ പ്രതിയുമായി പൊലീസ് എത്തിപ്പോൾ സഫീറിന്റെ കുടുംബത്തിന് അത് അവിശ്വസനീയമായി.
നിരീക്ഷണത്തിലൂടെ കവർച്ച
കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം ചൈതന്യ കണ്ണാശുപത്രിക്ക് അടുത്തുള്ള സുരഭി എൻക്ലേവിലെ 'കൗസ്തുഭം' വീട്ടിൽ ആദ്യമെത്തുന്നത് ഭക്ഷണവിതരണക്കാരനായിട്ടാണ്. കാക്കനാട്ടെ ഐ.ടി. സ്ഥാപന ഉടമ, തിരുവനന്തപുരം സ്വദേശി വെങ്കിടേഷാണ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. പരിസരത്ത് വീടുകളുണ്ടെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത മൂന്നുനില കെട്ടിടമാണിത്.
ആദ്യ വരവിൽത്തന്നെ കവർച്ച നടത്താൻ പറ്റിയ ലൊക്കേഷനാണെന്ന് ഉറപ്പിച്ചു. രണ്ടാമത് ഒരു തവണ കൂടി ഇവിടെയെത്തി നിരീക്ഷണം നടത്തി. അപ്പോഴും വീട്ടിൽ ആളുണ്ടായിരുന്നു. ചുറ്റുപാടുകൾ ഒന്നുകൂടി നിരീക്ഷിച്ചാണ് മടങ്ങിയത്. ഇതിനിടെ കഴിഞ്ഞ 11ന് വെങ്കിടേഷും കുടുംബവും തിരുവനന്തപുരത്തേക്ക് പോയി. 13നാണ് തിരിച്ചെത്തുന്നത്. ഇതിനിടെ മൂന്നാംതവണ സഫീർ ഇവിടെയെത്തിപ്പോൾ വീട്ടിൽ ആളനക്കമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കവർച്ച നടത്തിയത്.
'സമീപ വീട്ടിലെ ക്യാമറ' ചതിച്ചു
ഭക്ഷണവിതരണം നടത്തുമ്പോഴുള്ള യൂണിഫോമിൽ ആയിരുന്നില്ല കവർച്ചയ്‌ക്കെത്തിയത്. ടിഷർട്ടും ജീൻസുമായിരുന്നു വേഷം. ബൈക്ക് ഇടവഴിക്ക് സമീപം അൽപ്പം മാറി പാർക്ക് ചെയ്തു. തുടർന്ന് കാൽനടയായിട്ടാണ് നടന്നെത്തിയത്. ടെറസിന് മുകളിൽ കയറിപ്പറ്റി പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നു. വീടിനകത്തെ ഇരുമ്പലമാരയിൽനിന്ന് 5 പവൻ സ്വർണാഭരണങ്ങളും മാസ്റ്റർ ബെഡ്‌റൂമിൽനിന്ന് 40,000 രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമായി മടങ്ങി.
കവർച്ച നടന്ന വീട്ടിൽ സി.സി ടിവി ക്യാമറയില്ല. സമീപ വീട്ടിലെ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസിനും കള്ളനും നിർണായകമായി. കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അന്വേഷണ സംഘത്തിന് ഏകദേശ ധാരണ ലഭിച്ചു. അപ്പോഴും ബൈക്കിന്റെ നമ്പർ വ്യക്തമായില്ല. ഇടവഴിയിൽനിന്ന് തുടങ്ങി ചളിക്കവട്ടം, വെണ്ണല ഭാഗങ്ങൾ വരെ 50ഓളം ക്യാമറകൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.
| 
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |