
* പിടിയിലായത് കാർ ഷോറൂമിലെ മുൻ ജീവനക്കാരൻ
കൊച്ചി: എളമക്കരയിലെ പ്രമുഖ കാർ ഷോറൂമിന്റെ യാർഡിൽ കിടന്ന കാറിന്റെ ടയർ ഈയിടെ പഞ്ചറായി. സ്റ്റെപ്പിനിയുണ്ടല്ലോ എന്ന ആശ്വാസത്തിൽ ഡിക്കി തുറന്നപ്പോൾ കാലി. അടുത്ത വണ്ടിയുടെ സ്റ്റെപ്പിനിയെടുക്കാമെന്ന ധാരണയിൽ ജീവനക്കാരൻ അതിന്റെ ഡിക്കി തുറന്നപ്പോഴും കാലി! സംശയം തോന്നി യാർഡിലെ മറ്റു വാഹനങ്ങൾ പരിശോധിച്ചപ്പോൾ ഒമ്പതെണ്ണത്തിൽ സ്റ്റെപ്പിനിയില്ല. സംശയം മണത്ത ഷോറൂം മാനേജർ പൊലീസിനെ വിളിച്ചു.
സി.സി ടിവിയും സെക്യൂരിറ്റിയും ഇല്ലാത്ത യാർഡിലെ മോഷണം വെല്ലുവിളിയായെങ്കിലും എളമക്കര പൊലീസിന്റെ കൈയിൽ പോംവഴിയുണ്ടായിരുന്നു. ജി.പി.എസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഉപയോഗിച്ചുള്ള തന്ത്രത്തിൽ കുടുങ്ങിയത് ഷോറൂമിലെ മുൻ ജീവനക്കാരൻ.
കള്ളത്തരം പുറത്താകുമെന്ന് ഭയന്ന് നാല് ദിവസം മുമ്പ് ജോലി അവസാനിപ്പിച്ച് സ്ഥലം വിട്ട ആലുവ കുന്നത്തേരി തൈക്കാട്ടുകര സ്വദേശി നെബിൻ കെ. നവാസിനെ (32)യാണ് എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണൻ, എസ്.ഐമാരായ മനോജ്, ടി.എ. അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സീനിയർ സി.പി.ഒമാരായ സുധീഷ്, ഉണ്ണികൃഷ്ണൻ, ഗിരീഷ്, ദിലീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിന്നു, പ്രതിയെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
ഓട്ടത്തിലെ ടയർ മോഷണം വിനയായി
മൂന്ന് മാസം മുമ്പാണ് വാഹനഷോറൂമിൽ നെബിൻ ജോലിക്ക് ചേർന്നത്. ഇടയ്‌ക്കിടെ വാഹന യാർഡിൽ ടെസ്റ്റ് ഡ്രൈവിനുള്ള വാഹനങ്ങൾ എടുക്കാൻ പോകുമായിരുന്നു. ഈ സമയം യാർഡിൽ കിടക്കുന്ന പുതിയ കാറുകളുടെ സ്റ്റെപ്പിനി ടയറുകൾ മോഷ്ടിച്ച് കടത്തും. മോഷണം തുടരുന്നതിനിടെയാണ് ഒരു കാറിന്റെ ടയർ പഞ്ചറായതും മറ്റൊരു ജീവനക്കാരൻ സ്റ്റെപ്പിനിക്കായി തെരഞ്ഞതും. ഇലക്ട്രിക് കാറിന്റെ 12000 രൂപ വിലയുള്ള ടയർ ഉൾപ്പെടെയാണ് മോഷണം പോയത്.
യാർഡ് പരിശോധിച്ച പൊലീസിന് കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഉറപ്പായി. ഇതിനിടെയാണ് ടെസ്റ്റ് ഡ്രൈവിന് പോയ ഒരു കാറിന്റെ ടയറുകൾ ഊരിയെടുത്ത് പഴയത് ഘടിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് പുതിയൊരു തന്ത്രം പയറ്റി. മറ്റ് ജീവനക്കാരറിയാതെ ഷോം അധികൃതരോട് ടെസ്റ്റ് ഡ്രൈവിന് പോകുന്ന വാഹനത്തിൽ ജി.പി.എസ് ഘടിപ്പിക്കാൻ നിർദ്ദേശിച്ചു. നിരീക്ഷണം തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച ടെസ്റ്റ് ഡ്രൈവിന് പോയ മറ്റൊരു കാറിന്റെ രണ്ട് ടയറുകളും അഴിച്ച്മാറ്റി പഴയത് ഘടിപ്പിച്ചതായി കണ്ടെത്തി.
വിറ്റത് ഇടപ്പള്ളിയിലെ ടയർ കടയിൽ
സംഭവദിവസം വാഹനവുമായി പോയത് നെബിനായിരുന്നു. ഇതിന് ശേഷമാണ് ഷോറൂമിലെ ജോലി മതിയാക്കിയത്. ജി.പി.എസ് പരിശോധിച്ച അന്വേഷണ സംഘം വാഹനം ഷോറൂമിലേക്ക് തിരിച്ചുവരുന്നതിന് തൊട്ടുമുമ്പ് ഇടപ്പള്ളിയിൽ ഒരു ടയർ കടയിൽ എത്തിയതായി മനസിലാക്കി. കടയിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഇളക്കി മാറ്റിയ ടയറുകൾ രണ്ടും കണ്ടെത്തി. വാഹനവുമായി എത്തിയത് നെബിനാണെന്ന് സ്ഥിരീകരിച്ചതോടെ കപ്പലിലെ കള്ളനെ തിരിച്ചറിഞ്ഞു. മറൈൻഡ്രൈവ് ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |