
ന്യൂഡൽഹി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന കാപ്പി ഏറ്റവും മികച്ചതാണെന്നും അത് ലോകം ഇഷ്ടപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് അടക്കം മലബാർ,തിരുവിതാംകൂർ മേഖലകളിലെ കാപ്പിയുടെ വൈവിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിന്റെ 127-ാം എപ്പിസോഡിലാണ് ഇക്കാര്യം പറഞ്ഞത്.
ഒറീസയുടെ അഭിമാനമായ കോരാപുട്ട് കാപ്പിയുടെ രുചി അതിശയകരമാണെന്നും പറഞ്ഞു. കർണാടകയിലെ ചിക്കമംഗളൂരു, കൂർഗ്, ഹാസൻ, തമിഴ്‌നാട്ടിലെ പുലാനി, ഷെവറോയ്, നീലഗിരി, അണ്ണാമലൈ എന്നീ സ്ഥലങ്ങളിലെ കാപ്പിവൈവിധ്യവും ശ്രദ്ധേയമാണെന്നും വടക്കുകിഴക്കൻ മേഖലയും കാപ്പികൃഷിയിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
നവംബർ 7ന് വന്ദേമാതരത്തിന്റെ 150-ാം വാർഷികം അവിസ്മരണീയമാക്കണം. ദേശസ്‌നേഹം, ഭാരതാംബയോടുള്ള സ്‌നേഹം എന്നീ വികാരങ്ങൾ മൂർത്തമായി ആവിഷ്കരിച്ച ഗീതമാണ് 19-ാം നൂറ്റാണ്ടിൽ ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം. 1896ലാണ് രവീന്ദ്രനാഥ ടഗോർ ഇത് ആദ്യമായി ആലപിച്ചത്. വന്ദേമാതരത്തിൽ പറയുന്നതുപോലെയുള്ള ഭാരതം കെട്ടിപ്പടുക്കണം.
രാജ്യത്തെ പ്രചോദനാത്മകമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശിച്ചു. ചത്തീസ്ഗഡിലെ അംബികാപൂരിലെ പ്ലാസ്റ്റിക് മാലിന്യത്തിന് പകരം ഭക്ഷണം നൽകുന്ന ഗാൽബേഡ് കഫേ, ബംഗളൂരുവിലെ എൻജിനീയർ കപിൽ ശർമയുടെ തടാക സംരക്ഷണം എന്നിവ ഏറെ പ്രതീക്ഷ നൽകുന്നു.
സർദാർ പട്ടേലിന്റെ 150-ാം ജൻമവാർഷിക ദിനമായ ഒക്ടോ. 31ന് വിപുലമായ പരിപാടികളാണ് ഗുജറാത്തിൽ സംഘടിപ്പിക്കുന്നത്. ഏകതാ നഗറിലെ സ്റ്റാച്യൂ ഒഫ് യൂണിറ്റിക്ക് സമീപം നടത്തുന്ന ഏകതാ ദിന പരേഡിൽ തദ്ദേശീയ ഇനം നായകളുടെ ശക്തിയും പ്രദർശിപ്പിക്കപ്പെടും. സി.ആർ.പി.എഫും ബി.എസ്.എഫും കൂടുതലായി തദ്ദേശീയ ഇനം നായകളെ ഉൾപ്പെടുത്തുന്നത് അഭിനന്ദനാർഹമാണെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |