
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബാേർഡിലെ ഉന്നതർക്കുള്ള പങ്കിന്റെ തെളിവുകൾ ശേഖരിക്കാനുള്ള നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. പണമായോ സ്വർണമായോ പങ്കു കൈപ്പറ്റിയോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. പോറ്റിയുടെ വസതിയിൽ നിന്ന് കണ്ടെടുത്ത ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ ബിനാമി ഇടപാടാണോ എന്നതും പരിശോധിക്കും.
മുൻ ദേവസ്വം ബോർഡ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ മൊഴി നൽകിയെന്നാണ് വിവരം. മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഗൂഢാലോചന കൃത്യമായി പുറത്തുവരാൻ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. 30 വരെയാണ് പോറ്റിയുടെ കസ്റ്റഡി കാലാവധി. മുരാരി ബാബുവിനെ നാളെ റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ കിട്ടാൻ പ്രത്യേക അന്വേഷക സംഘം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചിരുന്നു.
ബംഗളൂരുവിൽ പോറ്റിയുടെ വസതിയിൽ നടത്തിയ തെളിവെടുപ്പിൽ ഭൂമി ഇടപാടുകളുടെയും പണം പലിശയ്ക്ക് നൽകിയതിന്റെയും രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയതായാണ് വിവരം.
സ്വന്തം പേരിലും ബിനാമി പേരിലുമാണ് ഇടപാടുകൾ.
സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവിലെയും ചെന്നൈയിലെയും തെളിവെടുപ്പിനു ശേഷം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. പോറ്റി സ്വർണം വിറ്റ ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽനിന്ന് 400 ഗ്രാമും പോറ്റിയുടെ ഫ്ളാറ്റിൽനിന്ന് 176 ഗ്രാം സ്വർണവും വീണ്ടെടുത്തിരുന്നു.
ഗോവർദ്ധന്റെ ഇടപാടും പരിശോധിക്കും
ശബരിമലയിലെ ശ്രീകോവിൽ വാതിൽ പണിത് സ്വർണം പൂശി നൽകിയത് താനാണെന്ന് ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ. ശബരിമലയിലെ ഗോവർദ്ധന്റെ ഇടപാടുകൾ എസ്.ഐ.ടി അന്വേഷിക്കും. പുതുക്കി പണിത വാതിലുമായി 2019ൽ കുടുംബസമേതം ശബരിമലയിലെത്തി. ബെല്ലാരിയിൽ വാതിൽ പൂജിച്ചുവെന്നും പൂജയിൽ ആയിരത്തോളം പേർ പങ്കെടുത്തുവെന്നും ഗോവർദ്ധൻ മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തി.
തേക്കിൻതടിയിൽ നിർമ്മിച്ച വാതിൽ ചെമ്പ് പൊതിഞ്ഞ ശേഷം സ്വർണം പൂശുകയായിരുന്നു. ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് തടി വാതിൽ കൂട്ടിയോജിപ്പിച്ചത്. ഹൈദരാബാദിലെത്തിച്ച് ചെമ്പ് പൊതിഞ്ഞു. ചെന്നൈയിലാണ് സ്വർണം പൂശിയത്.
വാതിൽ ചെന്നൈ, വിശാഖപട്ടണം ഉൾപ്പെടെയുള്ള നഗരങ്ങളിലെത്തിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി പൂജ നടത്തി പണം സമ്പാദിച്ചെന്നാണ് എസ്.എ.ടി അന്വേഷണത്തിൽ അറിഞ്ഞത്. രേഖകൾ പ്രകാരം വാതിൽ പണിതതിന്റെ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്. വാതിൽ പണിഞ്ഞത് നിയോഗമായി കരുതിയതിനാൽ സ്പോൺസറുടെ പേര് മാറിയത് കാര്യമാക്കിയില്ലെന്ന് ഗോവർദ്ധൻ മൊഴി നൽകിയെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |