
അവസാനഘട്ട മത്സരങ്ങൾ കോഴിക്കോട്ട്
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം നവംബർ 28 മുതൽ 30 വരെ കോഴിക്കോട്ട് നടക്കും.50 ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററുകളിലായി 76,000 പഠിതാക്കളാണ് യൂണിവേഴ്സിറ്റിക്കുള്ളത്.അഞ്ച് റീജിയണലുകളിലായി പ്രാഥമിക മത്സരങ്ങൾ നടത്തിയ ശേഷം വിജയികളെ കോഴിക്കോട് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുപ്പിക്കുക.ട്രാൻസ് വിഭാഗത്തിനും പ്രത്യേക മത്സരമുണ്ടാകും.105 ഇനങ്ങളിലാണ് മത്സരം.ഒരാൾക്ക് ആറ് വ്യക്തിഗത ഇനങ്ങളിലും മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും ഉൾപ്പെടെ 9 ഇനങ്ങളിൽ പങ്കെടുക്കാം.വിജയികൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.വിജയികളാകുന്ന 26 വയസിൽ താഴെയുള്ളവർക്ക് ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുക്കാം.രജിസ്ട്രേഷൻ നാളെ മുതൽ നവംബർ 4 വരെയും ഗ്രൂപ്പ് മത്സര രജിസ്ട്രേഷൻ നവംബർ 14 വരെയുമാണ്.പഠിതാക്കൾക്ക് ലോഗോ തയാറാക്കൽ മത്സരവും സംഘടിപ്പിക്കും.
റീജിയണൽ മത്സരങ്ങൾ
നവംബർ 8,9 തീയതികളിലാണ് റീജിയണൽ മത്സരങ്ങൾ.രചനാ മത്സരങ്ങളും സംഗീതം,നൃത്തം അടക്കം വ്യക്തിഗത മത്സരങ്ങളുമാണിവ.ഗ്രൂപ്പ് ഇനങ്ങളിൽ നേരിട്ട് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാം.രചനാ മത്സരങ്ങൾ അതത് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററുകളിലാണ് നടക്കുന്നത്.രചനകൾ യൂണിവേഴ്സിറ്റി കളക്ട് ചെയ്ത് വിധി നിർണയം നടത്തി വിജയികളെ പ്രഖ്യാപിക്കും.
ശ്രദ്ധിക്കപ്പെടുന്ന കലോത്സവം
2024 മാർച്ചിൽ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടന്ന കലോത്സവം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു.ഓപ്പൺ യൂണിവേഴ്സികളിൽ കലോത്സവങ്ങൾ സാധാരണമല്ല.അതുകൊണ്ടുതന്നെ ആദ്യ കലോത്സവത്തിൽത്തന്നെ 70 പിന്നിട്ടവർവരെ പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യവും നേടി.
ഏത് പ്രായത്തിലുള്ള പഠിതാക്കൾക്കും സർഗശേഷികളെ ഉണർത്താനുള്ള അവസരമാണ് കലോത്സവത്തിലൂടെ ലഭിക്കുന്നത്. പഠിതാക്കളുടെ എണ്ണം കൂടി, മത്സരിക്കാനുള്ളവരുടെയും. ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്
-പ്രൊഫ.ഡോ.വി.പി.ജഗതി രാജ്,
വൈസ് ചാൻസലർ
കലയ്ക്ക് പ്രാധാന്യം നൽകുന്ന കോഴിക്കോടുവച്ച് യൂണിവേഴ്സിറ്റിയുടെ കലോത്സവം നടക്കുമ്പോൾ മികവേറും. പഠിതാക്കളുടെ എണ്ണം കൂടിയതിനാൽ മത്സരിക്കാനും വലിയ പങ്കാളിത്തം ഉണ്ടാകും. ഒട്ടേറെ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്
-ഡോ.സി.ഉദയകല, ജനറൽ കൺവീനർ,
സിൻഡിക്കേറ്റ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |