
തിരുവനന്തപുരം: അമേരിക്കയിൽ താമസിക്കുന്ന ജവഹർ നഗർ സ്വദേശിയുടെ 6 കോടി വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതിയും വ്യവസായിയുമായ അനിൽ തമ്പി അറസ്റ്റിൽ. മാസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ചെന്നൈയിൽ നിന്നാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. കേസിൽ വ്യാജ ആധാരമുണ്ടാക്കിയ വെണ്ടറും കോൺഗ്രസ് നേതാവുമായിരുന്ന അനന്തപുരി മണികണ്ഠനെ നേരത്തെ പിടികൂടിയിരുന്നു.
ഡോറ അസറിയ ക്രിപ്സിന്റെ 14.5 സെന്റ് ഭൂമിയും 6,000 ചതരുശ്ര അടിയിലുള്ള വീടുമാണ് തട്ടിയെടുത്തത്. ഡോറയെന്ന പേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകളെന്ന പേരിൽ പുനലൂർ സ്വദേശി മെറിൻ ജേക്കബിനെയും ഹാജരാക്കിയാണ് ആധാരം രജിസ്റ്റർ ചെയ്‌തത്. ഇത് അനിൽ തമ്പിയുടെ ഭാര്യാപിതാവായ ചന്ദ്രസേനന് മറിച്ചുവിൽക്കുകയായിരുന്നു. 2013 മുതൽ അനിൽ തമ്പി നടത്തിയ നീക്കങ്ങളാണ് ഭൂമി തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇതിനായി അനന്തപുരി മണികണ്ഠനും അനുജൻ മഹേഷും ചേർന്ന് വ്യാജ ആധാരമുണ്ടാക്കി.
സുഹൃത്തായ സുനിലിന്റെ പരിചയത്തിലുള്ള വസന്തയെയും മെറിൻ ജേക്കബിനെയും സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി രജിസ്ട്രേഷൻ പൂർത്തിയാക്കി. ഇരുവരെയും അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്തായത്. ഇതിനു പിന്നാലെ സുനിലിനെയും മഹേഷിനെയും അനന്തപുരി മണികണ്ഠനെയും പിടികൂടി. അതിനിടെ ഡൽഹിയിലേക്കും അവിടെ നിന്ന് നേപ്പാളിലേക്കും കടന്ന അനിൽ തമ്പി,ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ല. തുടർന്ന് ആശ്രമങ്ങളിലും മറ്റും ഒളിവിലിരിക്കെയാണ് ചെന്നൈയിൽ നിന്ന് പിടിയിലായത്.
സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ മേൽനോട്ടത്തിൽ ഡി.സി.പി ഫറാഷ്,എ.സി.പി സ്റ്റുവർട്ട് കീലർ,സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,ബാലസുബ്രഹ്മണ്യൻ,മിഥുൻ,സി.പി.ഒമാരായ ഉദയൻ,പദ്മരാജ്,രഞ്ജിത്ത്,ഷിനി,അരുൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |