കൊച്ചി: രേഖകൾക്കു വിരുദ്ധമായ കാരണം പറഞ്ഞ് ഭൂമി തരംമാറ്റ അപേക്ഷ നിരസിക്കുകയും നിയമനടപടികളിലേക്ക് എത്തിക്കുകയും ചെയ്ത മലപ്പുറം തിരൂർ റവന്യൂ ഡിവിഷൻ ഓഫീസർ (ആർ.ഡി.ഒ) സ്വന്തം പോക്കറ്റിൽ നിന്ന് 10,000 രൂപ നൽകണമെന്ന് ഹൈക്കോടതി. ഹർജിക്കാരിയായ പൊന്നാനി തലേക്കര വീട്ടിൽ സുജയയ്ക്ക് ഒരു മാസത്തിനകം പണം നേരിട്ട് നൽകണമെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. ഭൂമി തരംമാറ്റ അപേക്ഷ പുനഃപരിശോധിച്ച് ആർ.ഡി.ഒ നാലാഴ്ചയ്‌ക്കകം നിയമപരമായ തീരുമാനമെടുക്കുകയും വേണം.
ഹർജിക്കാരിയുടെ ഭർത്താവ് കിഷോറിന്റെ ഉടമസ്ഥതയിലുള്ള 6.07ആർ (15 സെന്റ്) നിലം പതിറ്റാണ്ടുകൾക്ക് മുമ്പ് നികത്തിയതാണ്. അവിടെ വീട് പണിയുകയും ചെയ്തു. പുരയിടമായി തരം മാറ്റി നൽകാൻ നൽകിയ അപേക്ഷ ആദ്യം ആർ.ഡി.ഒ നിരസിച്ചിരുന്നു. ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയെങ്കിലും കാലതാമസം വന്നതിനാൽ അപേക്ഷകൻ അന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ ഉടൻ തീർപ്പാക്കാൻ കോടതി നിർദ്ദേശം നൽകി. ഇതുപ്രകാരം കളക്ടർ റവന്യൂ ഡിവിഷൻ ഓഫീസർക്ക് കൈമാറിയെങ്കിലും വീണ്ടും നിരസിച്ചു. ഭാഗികമായി കൃഷിസ്ഥലമാണെന്നും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടുവട്ടവും അപേക്ഷ നിരസിച്ചത്.
. ഭൂമി ഡാറ്റാ ബാങ്കിൽപ്പെട്ടതല്ലെന്ന വില്ലേജ് ഓഫീസറുടെ രേഖയും തൊട്ടടുത്ത സ്ഥലം തരംമാറ്റി നൽകിയ രേഖയുമടക്കം സുജയ ഹൈക്കോടതിയിൽ ഹർജി നൽകി.
ഉദ്യോഗസ്ഥന്റെ വീഴ്ചയും അവഗണനയുമാണ് ഹർജിക്കാരെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചതെന്ന് കോടതി വിലയിരുത്തി. രണ്ടാം വട്ടവും അകാരണമായി അപേക്ഷ നിരസിച്ചത് അമ്പരപ്പിച്ചെന്നു വ്യക്തമാക്കിയാണ് ആർ.ഡി.ഒ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |