
അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി മണ്ണിടിച്ചിലിൽ വീട് തകർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം ദേശീയപാത അതോറിട്ടിയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും.
നെടുമ്പിള്ളികുടി ബിജുവാണ് (46) മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി 10.30നായിരുന്നു 100 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് ദേശീയ പാതയിലേക്കും അടിഭാഗത്തുള്ള ഒമ്പത് വീടുകളിലേക്കും പതിച്ചത്.
പ്രദേശത്ത് ഇന്നലെ വീണ്ടും റോഡും സംരക്ഷണ ഭിത്തിയും വിണ്ടുകീറി. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ മേഖലയിൽ കനത്ത മഴയായിരുന്നു. ലക്ഷംവീട് ഉന്നതിയിലെ മുഴുവൻ കുടുംബങ്ങൾക്കും വീടൊഴിയാൻ നോട്ടീസ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |