
കൊച്ചി: എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന വൈറ്റില ചന്ദേർകുഞ്ജ് ആർമി ടവേഴ്സിലെ 29 നില കെട്ടിടത്തിൽ ഒറ്റയ്‌ക്കായിട്ടും നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ല റിട്ട. കേണൽ സിബി ജോർജ്. സി ടവർ ഒന്നാം നിലയിലെ സി-101-ാം ഫ്ളാറ്റിൽ ഭാര്യയുമൊത്താണ് സിബി താമസിക്കുന്നത്. രണ്ട് ടവറുകളിലെയും 208 താമസക്കാരിൽ 207പേരും ഒഴിഞ്ഞു. മാറിതാമസിക്കാൻ വാടകത്തുക നൽകുന്നതിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഒറ്റയാൻ പോരാട്ടം.
കെട്ടിടം പൊളിച്ച് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാണ് താമസക്കാരെ മാറ്റിയത്. പുനർനിർമ്മാണം പൂർത്തിയാകുന്നതുവരെ മാറിതാമസിക്കുന്നതിന് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) ഉടമകൾക്ക് വാടക നൽകും. എന്നാൽ, സിബിക്കുമാത്രം നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് സിബി കെട്ടിടത്തിൽ താമസം തുടരുന്നത്. 30,000- 35,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വാടക.
നിർമ്മാണ പിഴവാണ് നിർമ്മിച്ച് ഏഴുവർഷത്തിനിടെ ടവറുകളുടെ ബലക്ഷയത്തിന് കാരണമായതെന്നാണ് ആക്ഷേപം. ഇതിനെതിരെ താമസക്കാർ പലരും രംഗത്തു വരാൻ ഭയന്നപ്പോൾ കേസുകളുമായി മുന്നോട്ടുപോയത് സിവിൽ എൻജിനിയറും അഭിഭാഷകനുമായ റിട്ട. കേണൽ സിബിയാണ്. അതിന്റെ പകയാണ് വാടക നൽകാതെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് ആരോപണം.
ഉത്തരവുണ്ടായിട്ടും
വാടക നൽകുന്നില്ല
പുനർനിർമ്മാണത്തിന് 212 കോടിയാണ് ചെലവ് കണക്കാക്കുന്നത്. താമസക്കാരുടെ ആറുമാസത്തെ വാടകയ്‌ക്കായി 2.97 കോടി കൈമാറിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവുണ്ടായിട്ടും സിബിക്കു മാത്രം വാടക നൽകുന്നില്ല. വീടൊഴിയാൻ ഹൈക്കോടതിയുടെയും കളക്ടറുടെയും ഉത്തരവുണ്ടെങ്കിലും വാടകയില്ലാതെ എവിടേക്ക് പോകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും എപ്പോൾ വേണമെങ്കിലും നിലയ്ക്കാം. മാലിന്യനീക്കവും ക്ളീനിംഗും ഉൾപ്പെടെ മറ്റ് സർവീസുകൾ നിറുത്തി.
'' സൈനികരെ വഞ്ചിച്ചവർ രക്ഷപ്പെടാതിരിക്കാനാണ് എന്റെ പോരാട്ടം
-റിട്ട. കേണൽ സിബി ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |