
ടെൽ അവീവ്: ഗാസയിൽ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് വെടിനിറുത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്. കൂടാതെ തെക്കൻ ഗാസയിൽ സൈനികർക്കെതിരെ നടന്ന ആക്രമണവും ബന്ദികളുടെ മൃതദേഹം കൈമാറുന്നതിലുള്ള കാലതാമസവും കാരണമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതാണ് പ്രധാന തർക്കവിഷയം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്നാണ് ഹമാസിന്റെ വിശദീകരണം. ഹമാസ് കള്ളം പറയുകയാണെന്നും മൃതദേഹങ്ങൾ ഉപയോഗിച്ച് വിലപേശുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.
കൂടാതെ കഴിഞ്ഞ ദിവസം കൈമാറിയത് രണ്ട് വർഷം മുമ്പ് ഇസ്രയേൽ സേന വീണ്ടെടുത്ത മറ്റൊരു ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്നും ആരോപിച്ചു.
കഴിഞ്ഞ 10ന് ആരംഭിച്ച വെടിനിറുത്തലിനെത്തുടർന്ന് ഗാസ സാധാരണ ജീവിതത്തിലേക്ക് വരുന്നതിനിടെയാണ് വീണ്ടും ആശങ്കയായി നെതന്യാഹുവിന്റെ ഉത്തരവ്.
പാക് സൈനികരെ
വിന്യസിക്കും
ഗാസയിൽ 20,000ത്തോളം സൈനികരെ വിന്യസിക്കാനൊരുങ്ങി പാകിസ്ഥാൻ. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഉന്നത ഉദ്യോഗസ്ഥരുമായും യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീർ ഈ മാസം രഹസ്യ കൂടിക്കാഴ്ച നടത്തിയ്തിന് പിന്നാലെയാണിത്. യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത പാകിസ്ഥാൻ ,ഇസ്രയേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണിതെന്നാണ് റിപ്പോർട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |