
ന്യൂഡൽഹി: വായുമലിനീകരണം കുറയ്‌ക്കാൻ ഡൽഹിയിൽ ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ നടത്തിയ ശ്രമം വിഫലമായി. കാൺപൂർ ഐഐടിയുമായി സഹകരിച്ച് ഇന്നലെയാണ് 1.2 കോടി രൂപ മുടക്കി രണ്ടുതവണ ക്ലൗഡ് സീഡിംഗ് നടത്തിയത്. ഇത്രയും പണം ചെലവാക്കിയിട്ടും മഴ പെയ്യിക്കുന്നതിൽ പരാജയപ്പെട്ടതോടെ ഡൽഹി സർക്കാരിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. ഇതുവരെ അഞ്ച് പരീക്ഷണങ്ങൾക്കായി ആകെ 3.21 കോടി രൂപയാണ് ഡൽഹി സർക്കാർ ഇതിനായി വകമാറ്റിയിരിക്കുന്നത്. ഓരോ ശ്രമങ്ങൾക്കും 64 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഡൽഹിയിൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിംഗ് നടത്തും.
എന്നാൽ, ഈർപ്പം കുറവായതിനാലാണ് ഇതെന്നാണ് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിംഗ് സിർസയുടെ വിശദീകരണം. ക്ലൗഡ് സീഡിംഗിന് ശേഷം നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ ലഭിച്ചതായാണ് ഐഐടി കാൺപൂരിന്റെ റിപ്പോർട്ടിൽ പറയുന്നത്. കാൺപൂരിനും മീററ്റിനും മദ്ധ്യേ രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. ആദ്യത്തെ വിമാനം ഐഐടി കാൺപൂരിൽ നിന്ന് ഇന്നലെ ഉച്ചയ്‌ക്ക് 12.13ന് പുറപ്പെട്ട് 2.30ന് മീററ്റിലെത്തി. രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 3.45ന് മീററ്റിൽ നിന്ന് പുറപ്പെട്ട് 4.45ന് തിരിച്ചെത്തി.
ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സർക്കാർ കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതിയിട്ടത്. മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ വിതറി കൃത്രിമമായി മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. ദീപാവലി ദിനത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ചതോടെ കൂപ്പുകുത്തിയ വായുനിലവാരം അതേപടി തുടരുകയാണ്. അന്തരീക്ഷത്തിൽ മൂടൽമഞ്ഞും തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |