
കൊച്ചി: ട്രെയിനുകളിൽ മോഷണം പെരുകുന്നത് കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കി റെയിൽവേ സുരക്ഷാസേന. അന്യസംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നത് ഉൾപ്പെടെ മുൻകരുതലുകൾ സ്വീകരിച്ചു.
എറണാകുളത്തിനും അങ്കമാലിക്കുമിടയിൽ സമീപകാലത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവരുന്നത് വ്യാപകമായതും സ്വർണവില കുതിച്ചുയരുന്നതും ജാഗ്രത കൂട്ടാൻ കാരണമായി. എറണാകുളം നോർത്ത്, സൗത്ത്, ആലുവ ആർ.പി.എഫ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് യാത്രക്കാരുടെ ദൃശ്യങ്ങൾ പകർത്തി പരിശോധന നടത്തുന്നത്. കോച്ചുകളിൽ കൂട്ടത്തോടെയും ഒറ്റയ്ക്കും സഞ്ചരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും സംശയാസ്പദമായ നിലയിൽ കാണപ്പെടുന്ന യാത്രക്കാരുടെയും ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. മോഷണവും കുറ്റകൃത്യങ്ങളും നടന്നാൽ ഈ ദൃശ്യങ്ങൾ കൂടി പരിശോധിക്കും. കോച്ചുകൾ തോറും സഞ്ചരിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത്. സ്ത്രീ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന അപരിചിതരും നിരീക്ഷണ വലയത്തിലാണ്.
മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി ഏറ്റവും കൂടുതൽ പിടിയിലാകുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. രാത്രികാല ട്രെയിനുകളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ചാർജ് ചെയ്യാൻ കുത്തിയിട്ട ഫോണുകളാണ് കവരുന്നത്. പ്ലാറ്റ്ഫോമുകളിൽ കിടന്നുറങ്ങുന്ന യാത്രക്കാരും കവർച്ചയ്ക്ക് ഇരയാകുന്നു. മുമ്പ് മൊബൈൽ കടകളിലാണ് വില്പന നടത്തിയിരുന്നത്. പൊലീസ് പിടിയിലാകാതിരിക്കാൻ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇപ്പോൾ വില്പന. സ്വന്തം നാട്ടിൽ കൊണ്ടുപോയി മറിച്ചു വിൽക്കുന്നവരുമുണ്ട്.
കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ ലാപ്ടോപ്പ് മോഷണത്തിന് 50 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒരു ലാപ്ടോപ്പ് മാത്രമാണ് വീണ്ടെടുക്കാൻ സാധിച്ചത്. മോഷ്ടാവുമായി നടത്തിയ തെളിവെടുപ്പിനിടെ കുഴിച്ചിട്ട നിലയിലാണ് ഈ ലാപ്ടോപ്പ് കണ്ടെടുത്തത്.
സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയിൽ ആർ.പി.എഫിനും പൊലീസിനും ആശങ്കയുണ്ട്. ഒന്നരയാഴ്ച മുമ്പ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ കയറിയ യാത്രക്കാരിയുടെ അരപ്പവന്റെ ചെയിൻ പൊട്ടിച്ച സംഭവത്തിൽ മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചില്ല. സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായി പ്ലാറ്റ്ഫോമുകളിൽ സംശയകരമായി കാണപ്പെടുന്ന യാത്രക്കാരെ കസ്റ്റഡിയിലെടുത്തും പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |