
തിരുവനന്തപുരം: നെല്ല് സംഭരണ വിഷയത്തിൽ സംസ്ഥാന സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകരുടെ ആവശ്യം മാനിച്ച് നെല്ല് സംഭരിക്കുവാൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരള സംയുക്ത കർഷകവേദി ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ വിജയകരമായ നെല്ല് സംഭരണം നടക്കുന്നുണ്ട്.
യഥാസമയം നെല്ല് സംഭരിച്ചാൽ മാത്രം പോരെന്നും കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രം അനുസരിച്ച് സംഭരിച്ച നെല്ലിന്റെ വില 48 മണിക്കൂറിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും കേരള സംയുക്ത കർഷകവേദി ഭക്ഷ്യമന്ത്രി ജിആർ അനിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസി നെല്ല് സംഭരണം ഏറ്റെടുത്താലും കേന്ദ്രം എംഎസ്‌പി ആയി നൽകുന്ന തുകയോടൊപ്പം സംസ്ഥാന വിഹിതമായ എട്ടുരൂപ അറുപത് പൈസ ബോണസും നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ്, കേരള സംയുക്ത കർഷകവേദി ജനറൽ കൺവീനറും കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ ഷാജി രാഘവൻ, സംയുക്ത കർഷ വേദി കൺവീനർ എം വി രാജേന്ദ്രൻ, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം വി രഞ്ജിത്ത് എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |