
ന്യൂഡൽഹി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് വ്യക്തമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ടി വടംവലി പാടില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ചൊവ്വാഴ്ച കേരളത്തിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കിടെ ഇക്കാര്യം അറിയിച്ചെന്നാണ് സൂചന.
കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എ.ഐ.സി.സി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാദ്ധ്യത മാത്രംം മുന്നിൽക്കണ്ടാകും തീരുമാനിക്കുക. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിതിൽ നടപ്പാവുന്നില്ലെന്ന് എ.ഐ.സി.സി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമ പ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമർശനമുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന ന്നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. സുധാകരൻ, കെ. മുരളീധരൻ തുടങ്ങിയവർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയത്. നേതാക്കളാണ് പാർട്ടിക്കുള്ളിൽ അനൈക്യം ഉണ്ടാക്കുന്നതെന്നും, അത്തരം പ്രവർത്തനങ്ങൾ നിറുത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്നും കെ. സുധാകരൻ ദേശീയ നേതൃത്വത്തോട് തുറന്നടിച്ചിരുന്നു.
കേരളത്തിലെ നേതാക്കൾക്കിടയിലെ ഏകോപനം വർദ്ധിപ്പിക്കാനും, സുപ്രധാന തീരുമാനങ്ങളെടുക്കാനും കോർ കമ്മിറ്റി രൂപീകരിക്കും. പ്രധാന നേതാക്കളെല്ലാം കമ്മിറ്റിയിലുണ്ടാകും. തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി മുന്നോട്ടു വച്ച പ്രചാരണ പദ്ധതിക്ക് എ.ഐ.സി.സി ചില ഭേദഗതികളോടെ അംഗീകാരം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |