
കൊല്ലം∙ ആരെയും അറിയിക്കാതെ കേന്ദ്രാവിഷ്കൃത പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പ് വച്ചതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന യു.ഡി.എഫിന്റെ കൊല്ലം കോർപ്പറേഷൻ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ട് പി.എം ശ്രീയിൽ ഒപ്പുവെച്ച മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയെ കബളിപ്പിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിലെല്ലാം ബി.ജെ.പിയും സി.പി.എമ്മും പരസ്പരം സഹായിക്കുന്നുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി പോലും അറിയാതെയാണ് വിവാദ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. സീതാറാം യെച്ചൂരി ആയിരുന്നെങ്കിൽ പിഎം ശ്രീയിൽ ഒപ്പിടില്ലായിരുന്നു.
സി.പി.ഐയെ സ്വീകരിക്കാൻ തയ്യാർ: കെ. സുധാകരൻ
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന സി.പി.ഐയെ എൽ.ഡി.എഫ് കൈവിട്ടാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എം.പി. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചർച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുമ്പോൾ വിയോജിപ്പുള്ള ഘടകകക്ഷികൾ വിഘടിച്ചുപോകും. ഈ അവസ്ഥയിൽ സി.പി.ഐയ്ക്ക് മുന്നണിയിൽ തുടരാൻ സാധിക്കില്ല. ഭരിക്കുന്ന കക്ഷികൾക്കിടയിൽ ഐക്യം വേണം. എന്നാലല്ലേ എല്ലാം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |