
തിരുവനന്തപുരം: വിജയ്മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകൾ ബോർഡ് പൂഴ്‌ത്തിവച്ചിരുന്നത് ഇന്നലെ അന്വേഷണ സംഘം പിടിച്ചെടുത്തു. 420 പേജുകളുള്ള രേഖ ദേവസ്വം ആസ്ഥാനത്ത് നിന്നാണ് ബലമായി പിടിച്ചെടുത്തത്. രേഖകൾ കാണാനില്ലെന്നാണ് ദേവസ്വം ബോർഡ് പറഞ്ഞിരുന്നത്.
സ്വിറ്റ്സർലൻഡിൽ നിന്ന് 24 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് കണ്ടെടുത്തത്. രാത്രി വൈകിയും ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തുകയാണ്.
അതിനിടെ, കിലോക്കണക്കിന് സ്വർണം കൊള്ളയടിക്കാൻ ഒത്താശ ചെയ്ത കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥർ വലയിലായിത്തുടങ്ങി. മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മൂന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്തേക്കും. ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സൂചന. ഇന്നലെ ഉച്ചമുതൽ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
കസ്റ്റഡിയിലുള്ള സുധീഷാണ് സ്വർണം പൂശാൻ ദ്വാരപാലക ശില്പങ്ങൾ അനുവദിക്കണമെന്ന് ദേവസ്വം ബോർഡിലേക്ക് നിയമവിരുദ്ധായ റിപ്പോർട്ട് നൽകിയത്. അതിന് അടിസ്ഥാനമാക്കിയത് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച ഇ മെയിലാണ്.
1998-99ൽ വിജയമല്യ ശ്രീകോവിലിന്റെ ഏകദേശം മുഴുവൻ ഭാഗവും 30.291 കിലോഗ്രാം സ്വർണം കൊണ്ടു പൊതിഞ്ഞതാണെന്ന് വർഷങ്ങളായി ശബരിമലയിൽ ജോലി ചെയ്യുന്ന സുധീഷിന് അറിയാമായിരുന്നു. എന്നിട്ടും തകിടുകൾ കൊടുത്തുവിടുന്ന സമയത്ത് തയ്യാറാക്കിയ മഹസറുകളിൽ വെറും ചെമ്പ് എന്നെഴുതി. അതുവഴി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമുണ്ടാക്കിക്കൊടുത്തു.
സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ബാബുവിനെ റിമാൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് സുധീഷ്‌കുമാറി
ന പൊക്കിയത്.
കൊള്ള മറയ്ക്കാൻ രേഖ
കാണാനില്ലെന്ന കള്ളം
1 പലവട്ടം ആവശ്യപ്പെട്ടിട്ടും വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ ബോർഡ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. കൊള്ളയുടെ വ്യാപ്തി പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് മറച്ചു പിടിച്ചത്. കാണാനില്ലെന്നായിരുന്നു മറുപടി. ഇതോടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി മരാമത്ത് ചീഫ് എൻജിനിയറുടെ ഓഫീസിൽ കയറിയാണ് അന്വേഷണ സംഘം രേഖകൾ പിടിച്ചെടുത്തത്. ബോർഡ് കണ്ടെത്തി അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് ബോർഡിന്റെ വിശദീകരണം
2 ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടളയിലും നിന്ന് എത്രത്തോളം സ്വർണം കവർന്നെന്ന് ഇനി വ്യക്തമായി അറിയാനാവും. വിജയ് മല്യ നൽകിയ സ്വർണം എവിടെയൊക്കെ എത്ര അളവിൽ ഉപയോഗിച്ചെന്ന് ഇന്നലെ പിടിച്ചെടുത്ത രേഖകളിലുണ്ട്. രേഖകൾ വിശദമായി പരിശോധിച്ച ശേഷം ഇപ്പോഴുള്ള അളവ് കണക്കാക്കും. ഇതിലെ കുറവും രേഖപ്പെടുത്തും. അതോടെ കൊള്ളയടിച്ച സ്വർണത്തിന്റെ കണക്ക് പുറത്തുവരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |