
തിരുവനന്തപുരം : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള മുന്നൊരുക്കം അതിവേഗം പൂർത്തിയാക്കാൻ മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി.സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അപ്പവും അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 65 ലക്ഷം അപ്പവും അരവണയും പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. 15ലക്ഷം സ്റ്റോക്കുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിൽ കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്‌ട്രേഷൻ. ശബരിമല തീർത്ഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടകർക്കായി മൊബൈൽ ആപ്ലിക്കേഷൻ ദേവസ്വം ബോർഡ് സജ്ജമാക്കും. കഴിഞ്ഞ വർഷം ആരംഭിച്ച തീർത്ഥാടകർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ കേരളം മുഴുവൻ ലഭ്യമാക്കും. തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. എം.എൽ.എ മാരായ പ്രമോദ് നാരായണൻ, കെ.യു ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം പി.ഡി സന്തോഷ്, ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, ദക്ഷിണ മേഖല ഐ.ജി ശ്യംസുന്ദർ, ശബരിമല എ.ഡി.എം അരുൺ.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.
വനംവകുപ്പിന്റെ
കൺട്രോൾ റൂം
തീർത്ഥാടന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും.
പമ്പയിലും, സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും.
വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കും.
വാട്ടർ അതോറിറ്റി ശുദ്ധജല ലഭ്യതയ്ക്ക് പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും.
ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും.
പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും.
കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |