
പൂനെ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ മുൻ സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പൂനെയിലാണ് സംഭവം. സൈബർ തട്ടിപ്പിനിരയായി ഇദ്ദേഹത്തിനും ഭാര്യയ്‌ക്കും 1.2 കോടി രൂപ നഷ്‌ടപ്പെട്ടിരുന്നു. ദിവസങ്ങളായി ഈ പ്രശ്‌നത്തിൽ മനംനൊന്ത് കഴിഞ്ഞിരുന്ന ഇദ്ദേഹം വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
ഓഗസ്റ്റ് 16നായിരുന്നു തട്ടിപ്പ് നടന്നത്. മുംബയ് സൈബർ പൊലീസിന്റെയും സിബിഐ ഉദ്യോഗസ്ഥരുടെയും പേരിലാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ 80കാരനും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും കോൾ വന്നത്. സ്വകാര്യ എയർലൈൻ സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നുവെന്ന് പറഞ്ഞ് വൃദ്ധ ദമ്പതികളെ തട്ടിപ്പുകാർ മൂന്ന് ദിവസം ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചു. ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റി. ദമ്പതികളുടെ മൂന്ന് പെൺമക്കളും വിദേശത്താണ്. ഇവർ അയച്ചുകൊടുത്ത പണം ഉൾപ്പെടെ തട്ടിപ്പുകാർ കൈക്കലാക്കി. ശേഷം കോൾ കട്ടായി.
വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെ ദമ്പതികൾ ഒരു മകളെ വിളിച്ച് വിവരം അറിയിച്ചു. ഇവർ ഉടൻതന്നെ പൊലീസിൽ ബന്ധപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെ ഒക്‌ടോബർ 22നാണ് വൃദ്ധൻ കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തട്ടിപ്പിനിരയായത് മുതൽ അദ്ദേഹം മാനസികമായി തളർന്നുപോയിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു.
ഒരു ഫോൺ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ജനങ്ങൾ മനസിലാക്കണം. ഇത്തരം സാഹചര്യങ്ങളിൽ ആർക്കും പണമോ നൽകുകയോ മറ്റ് വിവരങ്ങൾ പങ്കുവയ്‌ക്കാനോ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പുകാർ അവരുടെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെ കാണിക്കുമെന്നും ഇതിലൊന്നും പരിഭ്രാന്തരാകരുതെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |