
മുംബയ്: പവായിയിൽ യുവാവ് ബന്ദികളാക്കിയ ഇരുപത് കുട്ടികളെ രക്ഷപ്പെടുത്തി. രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കുകയും വീഡിയോ പുറത്തുവിടുകയും ചെയ്തത്. പൂട്ടിയിട്ടിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി.
ആർ എ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. സ്റ്റുഡിയോ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം. കുട്ടികളെ ബന്ദികളാക്കിയ ശേഷം ഇയാൾ ഒരു വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നടപടിയെടുത്തെന്നും കുട്ടികളെ സുരക്ഷിതരാക്കാൻ സാധിച്ചെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്‌തുവരികയാണ്. എന്തായിരുന്നു ഇയാളുടെ ആവശ്യമെന്ന് വ്യക്തമല്ല.
സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രതി പുറത്തുവിട്ട വീഡിയോ. 'ഞാൻ രോഹിത് ആര്യയാണ്. ആത്മഹത്യ ചെയ്യുന്നതിനുപകരം, ഞാൻ ഒരു പദ്ധതി തയ്യാറാക്കി, കുറച്ച് കുട്ടികളെ ഇവിടെ ബന്ദികളാക്കിയിരിക്കുകയാണ്'- എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
'ധാർമ്മിക ആവശ്യങ്ങളും, കുറച്ച് ചോദ്യങ്ങളുമാണ് ഉള്ളത്. നിങ്ങളിൽ നിന്നുള്ള ചെറിയൊരു നീക്കം പോലും എന്നെ പ്രകോപിപ്പിക്കും'-എന്നും ഇയാൾ താക്കീത് ചെയ്യുന്നുണ്ട്. സ്ഥലം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു തീവ്രവാദിയല്ലെന്നും ഇയാൾ പറയുന്നുണ്ട്.
'എനിക്ക് ലളിതമായ ആശയവിനിമയം വേണം, അതുകൊണ്ടാണ് ഞാൻ ഈ കുട്ടികളെ ബന്ദികളാക്കിയത്. ഒരു പദ്ധതിയുടെ ഭാഗമായി ഞാൻ അവരെ ബന്ദികളാക്കിയിട്ടുണ്ട്. ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ അത് ചെയ്യും. ഞാൻ മരിച്ചാൽ, മറ്റാരെങ്കിലും ചെയ്യും, പക്ഷേ അത് തീർച്ചയായും സംഭവിക്കും, കാരണം നിങ്ങളുടെ ഒരു ചെറിയ തെറ്റായ നീക്കം പോലും എന്നെ ഈ സ്ഥലം മുഴുവൻ കത്തിച്ച് അതിൽ മരിക്കാൻ പ്രേരിപ്പിക്കും,'- പ്രതി പറഞ്ഞു.
സ്റ്റുഡിയോയിൽ ഒരു സിനിമയുടെ ഓഡിഷനായി എത്തിയതായിരുന്നു കുട്ടികൾ. ഇവിടെ നിന്ന് എയർ ഗണ്ണും ചില രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |