
കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 22.82 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഹൈക്കോടതി ഉത്തരവുപ്രകാരം പൊലീസിന് മുന്നിൽ കീഴടങ്ങി. രണ്ട് കൊല്ലമായി കൊച്ചി സിറ്റി പൊലീസ് തെരയുന്ന തമിഴ്നാട് വെള്ളൂർ ആംബൂർ സെവൻത് ക്രോസ് സ്ട്രീറ്റിൽ മുഹമ്മദ് അൽഹാനാണ് (23) അന്വേഷണ ഉദ്യോഗസ്ഥനായ ചേരാനല്ലൂർ എസ്.എച്ച്.ഒ മുമ്പാകെ ഹാജരായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇയാളുടെ 73കാരനായ പിതാവും കേസിൽ പ്രതിയാണ്.
സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായ ചേരാനല്ലൂർ പള്ളിക്കവല സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. 2023 നവംബർ മൂന്ന് മുതൽ 11 വരെ ഒൻപത് ദിവസത്തിനിടെയാണ് പണം പോയത്. യൂണികോയിൻ എന്ന വ്യാജ സ്ഥാപനത്തിലേക്ക് പാർട്ട്‌ടൈം ജോലി വാഗ്ദാനം ചെയ്ത്
തമിഴ്നാട് സ്വദേശി മിഷ്ഫാക്ക് അഹമ്മദ് എന്നയാളാണ് യുവതിയെ വിളിച്ചത്. അടയ്ക്കുന്ന പണം പൂർണമായി തിരിച്ചു നൽകുമെന്നും ഇതിനൊപ്പം ലാഭവിഹിതമായി അടച്ച തുകയുടെ പകുതി നൽകുമെന്നുമായിരുന്നു വാഗ്ദാനം.
പണം തിരിച്ച്കിട്ടാതായതോടെ ചേരാനല്ലൂർ പൊലീസിൽ പരാതി നൽകി. സൈബർസെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിന്റെ അഞ്ച് അക്കൗണ്ടുകൾ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് അക്കൗണ്ടുകൾ എൻജിനീയറിംഗ് ഡിപ്ലോമയുള്ള മുഹമ്മദ് അൽഹാന്റേതും പിതാവ് അമനുള്ള താഹിയുടേതുമായിരുന്നു.
തമിഴ്നാട് പൊലീസ് മുഖേനയാണ് മുഹമ്മദ് അൽഹാന് കൊച്ചി സിറ്റി പൊലീസ് നോട്ടീസ് നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയ മേൽക്കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു.
പിതാവിന്റെ ബാങ്ക് അക്കൗണ്ടും താനാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. മുഖ്യപ്രതി മിഷ്ഫാക്ക് അഹമ്മദും വെള്ളൂർ സ്വദേശിയാണെന്ന് സൂചനയുണ്ടെങ്കിലും മേൽവിലാസം വ്യാജമാണെന്ന് സംശയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |