
വികസനം സർവതലസ്പർശിയാകുമ്പോഴാണ് അത് സമ്പൂർണ വികസനമായി സാധാരണജനത്തിന് അനുഭവപ്പെടുക. ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും കാര്യവും അതുപോലെ തന്നെ. സമൂഹത്തിലെ ബഹുഭൂരിപക്ഷം വിഭാഗങ്ങളെയും പരിഗണിക്കുന്നതാകുമ്പോൾ ക്ഷേമ സങ്കല്പത്തിന് സമ്പൂർണ സ്വഭാവം കൈവരും. തദ്ദേശ തിരഞ്ഞെടുപ്പ് പൂമുഖത്തും, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിനപ്പുറവും നിൽക്കെ, കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ 'വർഗവ്യാപ്തി' പരിഗണിക്കുമ്പോഴാണ് അതിന്റെ സമ്പൂർണത ആഹ്ളാദദായകമായി അനുഭവപ്പെടുക. ഒരു സംസ്ഥാന ബഡ്ജറ്റിലെ ക്ഷേമ പ്രഖ്യാപനങ്ങളോട് ഉപമിക്കാവുന്നത്ര ആശ്വാസ വകകളാണ് സർക്കാർ ഒറ്റദിവസം പ്രഖ്യാപിച്ചത്! സാമൂഹ്യ സുരക്ഷാ പെൻഷൻകാർ,സർക്കാർ ജീവനക്കാർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ, ആശാ പ്രവർത്തകർ തുടങ്ങി വിഭിന്ന ശ്രേണികളിലുള്ളവർക്കൊപ്പം കരുതലുമായി നിന്നു എന്നതാണ് ഈ ക്ഷേമകാര്യത്തിന്റെ കാതൽ.
വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 1600 രൂപയിൽ നിന്ന് ഒറ്റയടിക്ക് 400 രൂപ വർദ്ധിപ്പിച്ച് രണ്ടായിരമാക്കിയതും,നിർദ്ധന കുടുംബങ്ങളിലെ, 35-നും 60-നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വിതം നല്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുമാണ് പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഈ രണ്ടു വിഭാഗങ്ങളിലും കൂടി, ആകെ 93.34 ലക്ഷം പേരാണ് ആനുകൂല്യത്തിന് അർഹരാവുക. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ള ഡി.എയിൽ ഒരു ഗഡു അനുവദിക്കുന്നത്, റബറിന്റെയും നെല്ലിന്റെയും താങ്ങുവില വർദ്ധന, അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും, സാക്ഷരതാ പ്രേരക്മാരുടെയും പ്രതിമാസ ഓണറേറിയത്തിൽ ആയിരം രൂപയുടെ വർദ്ധന, പാചക തൊഴിലാളികൾക്ക് 1100 രൂപ കൂലി വർദ്ധന, ഗസ്റ്റ് ലക്ചറർമാരുടെ വേതനത്തിൽ പരമാവധി 2000 രൂപയുടെ വർദ്ധന തുടങ്ങിയവയൊക്കെ അതത് വിഭാഗങ്ങൾക്ക് കാര്യമായ ആശ്വാസം പകരുന്നവ തന്നെയാണ്. പേരിനുള്ള വർദ്ധനവിനു പകരം അനുഭവവേദ്യമാകുന്ന വർദ്ധനവ് എന്നതാണ് ഇതിന്റെയെല്ലാം പ്രത്യേകത എന്നത് കാണാതിരിക്കാനാവില്ല.
അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ നിർദ്ധന കുടുംബാംഗങ്ങളാകുമ്പോൾ, ഒരു തൊഴിൽ ഇല്ലാത്തതിന്റെ ദു:ഖവും ദുരിതവും വ്യക്തിഗത ദു:ഖമെന്നതിൽ നിന്ന് ഒരു കുടുംബത്തിന്റെയാകെ സങ്കടമായി മാറും. അത്തരം കുടുംബങ്ങളിൽ നിന്നുള്ള, അടിസ്ഥാന സാങ്കേതിക വിദ്യാഭ്യാസം നേടിയ, അർഹരായ അഞ്ചുലക്ഷം യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ ലഭ്യമാക്കുവാനുള്ള പദ്ധതി പുതിയതാണ്. ജീവനക്കാരുടെ ക്ഷേമവും സാമൂഹ്യസുരക്ഷാ പെൻഷൻകാരുടെ ദുരിതവും കാണുന്ന സർക്കാർ, തൊഴിൽരഹിതരായ യുവാക്കളെ കൈവിട്ടുകളയാതിരുന്നത് ആ വലിയ വിഭാഗത്തിന്റെ കുടുംബാംഗങ്ങൾക്കും ആശ്വാസമാകും. വേതന വർദ്ധനവ് എന്ന ആവശ്യമുന്നയിച്ച് ദീർഘകാലമായി സമരത്തിലുള്ള ആശാ പ്രവർത്തകർക്കുള്ള 1000 രൂപ വർദ്ധനവ് അവരുടെ ആവശ്യവുമായി തട്ടിച്ചുനോക്കുമ്പോൾ ചെറുതായിരിക്കാമെങ്കിലും, സർക്കാർ അവരെ മറക്കാതിരുന്നത് ആശ്വാസം പകരുന്നതു തന്നെ.
ആനുകൂല്യങ്ങൾക്ക് അർഹരായവർക്ക് സർക്കാരിന്റെ പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തലോടൽ ആണോ എന്നതൊന്നും ചിന്താവിഷയമല്ല. അത്തരം രാഷ്ട്രീയ ആക്ഷേപങ്ങളും പരിഗണിക്കേണ്ടതില്ല. ജീവിതദുരിതങ്ങളിൽ വലയുന്നവർക്കു മുന്നിൽ ക്ഷേമത്തിന്റെ ഓരോ വിരൽസ്പർശവും കരുതലിന്റെ കൈത്താങ്ങാണ്. കാരണം, അവർക്കു മുന്നിൽ രാഷ്ട്രീയത്തേക്കാൾ വലുതാണ് നിത്യജീവിതം. ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളിൽ പിശുക്ക് കാണിക്കാതിരുന്ന സർക്കാർ ഇനി ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. അർഹരുടെ കൈകളിലേക്കു തന്നെയാകണം ആനുകൂല്യങ്ങൾ എത്തേണ്ടത് എന്നതാണ് ഏറ്റവും പ്രധാനം. അത് കുടിശികയാകരുത് എന്നത് രണ്ടാമത്തെ കാര്യം. പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങളിൽ ഉദ്യോഗസ്ഥർ കൈയിട്ടുവാരുന്ന നാണക്കേടും സംഭവിക്കരുത്. അപ്പോഴാണ് സമ്പൂർണ ക്ഷേമം സാർത്ഥക ക്ഷേമം കൂടിയാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |