
ന്യൂഡൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികത്തിലെ ഏകാദശി നാളിൽ നടത്തേണ്ടിയിരുന്ന ഉദയാസ്‌തമയ പൂജയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. വൃശ്ചികത്തിലെ ഏകാദശി നാളായ ഡിസംബർ ഒന്നിന് തന്നെ ഉദയാസ്‌തമയ പൂജ നടത്തണം. ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടി പൂജ തുലാം മാസത്തിലേക്ക് മാറ്റാനുള്ള തന്ത്രിയുടെ നിർദേശത്തെയും ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിയെയും ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
തിക്കും തിരക്കും നോക്കിയാകരുത് തന്ത്രിയുടെ തീരുമാനങ്ങൾ. ക്ഷേത്ര പ്രതിഷ്ഠയുടെ ചൈതന്യം വർദ്ധിപ്പിക്കുകയാണ് തന്ത്രിയുടെ ഉത്തരവാദിത്തം.
പതിറ്റാണ്ടുകളായി നടത്തുന്ന ആചാരം ഭക്തരുടെ സൗകര്യം നോക്കി മാറ്റാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിന്റെ നിലപാടിനെതിരെ തന്ത്രി കുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ആദിശങ്കരന്റെ കാലം മുതലുള്ള ആചാരങ്ങൾ തന്ത്രിക്ക് ഏകപക്ഷീയമായി മാറ്റാനാകില്ലെന്ന് ഹർജിക്കാർ വാദിച്ചു.
തുലാമാസത്തിലെ ഏകാദശിക്ക് ഉദയാസ്‌തമയ പൂജ നടത്തണമെങ്കിൽ അതുമാകാം. പക്ഷെ, വൃശ്ചികത്തിലെ പൂജ ഒരു കാരണവശാലും മാറ്റിവയ്‌ക്കരുതെന്ന് നിർദ്ദേശിച്ചു. ഉദയാസ്തമയ പൂജ നിത്യപൂജ അല്ല, വഴിപാടാണെന്ന നിലപാടാണ് ഗുരുവായൂർ ദേവസ്വം സ്വീകരിച്ചത്. അനിവാര്യമായ ആചാരത്തിന്റെ ഭാഗമല്ല. മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് തന്ത്രിയുടെ സമ്മതത്തോടെ പൂജ തുലാം മാസത്തിലേക്ക് മാറ്റിയതെന്നും ദേവസ്വം അറിയിച്ചു. ദേവഹിതം നോക്കിയ ശേഷമാണ് അനുമതി നൽകിയതെന്ന് തന്ത്രി വ്യക്തമാക്കി. ഈ വാദങ്ങൾ സുപ്രീംകോടതി തള്ളി. നിയമപ്രശ്‌നങ്ങൾ കോടതി 2026 മാർച്ചിൽ പരിഗണിക്കും.
ഇടക്കാല ഉത്തരവ് മാത്രമെന്ന് ദേവസ്വം ചെയർമാൻ
ക്ഷേത്രത്തിൽ എകാദശി ദിവസം തന്നെ ഉദയാസ്തമന പൂജ നടത്തണമെന്നത് സുപ്രീം കോടതിയുടെ വിധിയല്ല, ഇടക്കാല ഉത്തരവ് മാത്രമാണെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. ഇടക്കാല ഉത്തരവ് ദേവസ്വത്തിന് ലഭിച്ചിട്ടില്ല. സുപ്രീംകോടതിയുടെ സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഉത്തരവ് പഠിച്ചശേഷം അഭിപ്രായം അറിയിക്കാമെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |