
പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു
മുംബയ്: പട്ടാപ്പകൽ തട്ടിയെടുത്ത് ബന്ദികളാക്കിയത് 20ഓളം കുട്ടികളെ. നാട് ആശങ്കയിലായത് മണിക്കൂറുകളോളം. ഒടുവിൽ പൊലീസ് അതിസാഹസികമായി കുട്ടികളെ രക്ഷിച്ചു. പ്രതിയെ വെടിവച്ചുകൊന്നു. കുട്ടികളെല്ലാം സുരക്ഷിതരാണ്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുംബയിലെ പൊവയിലെ ആർ.എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിൽ ഇന്നലെ രാവിലെയാണ് സംഭവം. വെബ് സീരീസിന്റെ ഓഡിഷനെന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. പിന്നാലെ രോഹിത് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പ്രതി വീഡിയോ പുറത്തുവിട്ടു. താൻ ഭീകരനല്ലെന്നും നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ തെറ്റുപോലും വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്നും ഇയാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. വീഡിയോ പുറത്തായതോടെ പൊലീസ് വിവിധ സംഘങ്ങളായി രക്ഷാപ്രവർത്തനം നടത്തി. പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസിനെ ആക്രമിക്കാനൊരുങ്ങിയതോടെ വെടിവച്ചുവീഴ്‌ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചു. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.
സംസാരിക്കേണ്ടത്
മന്ത്രിയോട്
തനിക്ക് ചില വ്യക്തികളോട് സംസാരിക്കാനുണ്ടെന്നും ചെറിയ സംഭാഷണമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതി വീഡിയോയിൽ പറയുന്നുണ്ട്. ഇല്ലെങ്കിൽ കെട്ടിടത്തിന് തീയിടുമെന്നും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ആരോട് എന്ത് കാര്യമാണ് സംസാരിക്കേണ്ടത് എന്ന് ഇയാൾ വ്യക്തമാക്കിയില്ല. അതേസമയം മഹാരാഷ്ട്ര മുൻ വിദ്യാഭ്യാസ മന്ത്രി ദീപക് കെസാർക്കിരിനോട് സംസാരിക്കാനാണ് അയാൾ ആവശ്യപ്പെട്ടതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |