
സെമിയിൽ അഞ്ചുവിക്കറ്റിന് ഓസീസിനെ അട്ടിമറിച്ചു
ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ
ഞായറാഴ്ച ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനൽ
ഓസീസ് 338
ഇന്ത്യ 341/5
ഇന്ത്യൻ വനിതാ ടീമിന്റെ ഏറ്റവും ഉയർന്ന ഏകദിന ചേസിംഗ്
വനിതാ ലോകകപ്പിൽ ഇന്ത്യ ഓസീസിനെ തോൽപ്പിക്കുന്നത് ഇതാദ്യം
3
ഇത് മൂന്നാം തവണയാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 2007ലാണ് അവസാനമായി ഫൈനൽ കളിച്ചത്. ഇതിനുമുമ്പ് കളിച്ച രണ്ട് ഫൈനലുകളിലും ഇന്ത്യ ജയിച്ചിരുന്നില്ല.
ഓ, ജമീമ....
134 പന്തുകളിൽ പുറത്താകാതെ 127 റൺസ് നേടിയ ജമീമ റോഡ്രിഗസ് പ്ളേയർ ഒഫ് ദ മാച്ച്. ജമീമയുടെ കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറും.
മുംബയ് : ഒരു സിനിമാക്കഥയിലെന്നപോലെ ആവേശവും ആഘോഷവും അലതല്ലിയ രാവിൽ ഇന്ത്യൻ വനിതകൾ മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വിസ്മയ റാണികളായി. കീഴടക്കാനാവില്ലെന്ന് കരുതിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഉയർത്തിയ 338 റൺസ് എന്ന സ്കോർ മറികടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയത്തിന്റെ തിരക്കഥ ആടിത്തിമിർത്ത് ജമീമ റോഡ്രിഗസും ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും റിച്ച ഘോഷുമാക്കെചേർന്ന് ഇന്നലെ സൃഷ്ടിച്ചത് ചരിത്രം. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇതേ വേദിയിൽ ഇതേ ആവേശം കാഴ്ചവയ്ക്കാനായാൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ഏകദിന ലോകകപ്പ് കിരീടത്തിൽ മുത്തമിടാം.
പുറത്താകാതെ തകർപ്പൻ സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസ് (127 നോട്ടൗട്ട്), അർദ്ധസെഞ്ച്വറി നേടിയ ക്യാപ്ടൻ ഹർമൻപ്രീത് കൗർ (89) , ദീപ്തി ശർമ്മ (24), റിച്ച ഘോഷ് (26) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ചേസിംഗ് ജയം സമ്മാനിച്ചത്. ഫസ്റ്റ് ഡൗണായി രണ്ടാം ഓവറിൽ ബാറ്റിംഗിനിറങ്ങി വിജയംവരെ പൊരുതിനിന്ന ജമീമമയാണ് പ്ളേയർ ഒഫ് ദ മാച്ച്. 134 പന്തുകൾ നേരിട്ട ജമീമയുടെ ബാറ്റിൽ നിന്ന് 14 ബൗണ്ടറികൾ പറന്നു.
ഓസീസിന്റെ കൂറ്റൻ സ്കോർ
ഇന്നലെ മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.5 ഓവറിലാണ് 338 റൺസിന് ആൾഔട്ടായത്.
സെഞ്ച്വറി നേടിയ ഫോബീ ലിച്ച്ഫീൽഡിന്റേയും (119) അർദ്ധ സെഞ്ച്വറികൾ നേടിയ എല്ലിസ് പെറിയുടേയും (77), ആഷ്ലി ഗാർഡ്നറുടേയും (63) ഇന്നിംഗ്സുകളാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.
ടോസ് നേടിയ ഓസീസ് നായിക അലീസ ഹീലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ നന്നായി ബൗൾ ചെയ്ത ഇന്ത്യ ആറാം ഓവറിൽ അലീസയെ (5) പുറത്താക്കിയെങ്കിലും പതിയെ ഓസീസ് തിരിച്ചുവന്നു. ലിച്ച്ഫീൽഡും എല്ലിസ് പെറിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 28-ാം ഓവർ വരെ ക്രീസിൽ നിന്ന് അടിച്ചുകൂട്ടിയ 155 റൺസാണ് ഓസീസ് ഇന്നിംഗ്സിന് അടിത്തറയായത്. 93 പന്തുകളിൽ 17 ഫോറുകളും മൂന്ന് സിക്സുകളുമടിച്ച ലിച്ച്ഫീൽഡിനെ അമൻജോത് കൗറാണ് പുറത്താക്കിയത്. തുടർന്ന് ബേത്ത് മൂണിയും (24), അന്നബെൽ സതർലാൻഡും (3), എല്ലിസ് പെറിയും തഹ്ലിയ മഗ്രാത്തും (12) പുറത്തായതോടെ ഓസീസ് 265/6 എന്ന നിലയിലായി. പക്ഷേ ഏഴാം വിക്കറ്റിൽ ആഞ്ഞടിച്ച ആഷ്ലി ഗാർഡ്നർ ടീമിനെ 49 ഓവറിൽ 331ലെത്തിച്ച ശേഷമാണ് മടങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മയും ശ്രീചരണിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അമൻജോത്,ക്രാന്തി ഗൗഡ്, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി. മൂന്നുപേരെ റൺഔട്ടാക്കി.
ചരിത്രത്തിലേക്കൊരു ചേസ്
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ഷെഫാലി വെർമ്മയെ നഷ്ടമായപ്പോഴാണ് ജമീമ കളത്തിലേക്ക് ഇറങ്ങിയത്. ഫസ്റ്റ് ഡൗൺ പൊസിഷനിൽ സാധാരണ ഇറങ്ങാത്ത ജമീമയെ ഇന്നലെ ആ പൊസിഷനിൽ പരീക്ഷിച്ച കോച്ചിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഈ 25കാരിയുടെ ബാറ്റിംഗ്. ഇന്ത്യയുടെ വിശ്വസ്തയായ സ്മൃതി മാന്ഥന(24)യ്ക്കൊപ്പം ജമീമ സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ പത്താം ഓവറിൽ ടീം സ്കോർ 59ൽ വച്ച് സ്മൃതിയെ കിം ഗാർത്തിന്റെ പന്തിൽ കീപ്പർ അലീസ ഹീലി പുറത്താക്കിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.
പക്ഷേ മൂന്നാം വിക്കറ്റിൽ കൂട്ടിനെത്തിയ ഹർമൻപ്രീതും ജമീമയും ചേർന്ന് അസാദ്ധ്യമായത് സാദ്ധ്യമാക്കാനുളള പരിശ്രമത്തിലായിരുന്നു. 17-ാം ഓവറിൽ ഇവർ ടീമിനെ 100 കടത്തി. റൺറേറ്റ് താഴാതെയും വിക്കറ്റ് വീഴാതെയും മുന്നോട്ടു നീങ്ങിയപ്പോൾ 32-ാം ഓവറിൽ 200ഉം കടന്നു. 36-ാം ഓവറിൽ 226ൽ വച്ച് ഹർമൻപ്രീത് ഉയർത്തിയടിച്ച് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി. 88 പന്തുകളിൽ 10 ഫോറുകളുടെയും രണ്ട് സിക്സുകളുടേയും അകമ്പടിയോടെയാണ് ഇന്ത്യൻ നായിക 89 റൺസ് നേടിയത്. ഹർമന് പകരമിറങ്ങിയ ദീപ്തിയുടേയും (24), റിച്ചയുടേയും (26) ഇന്നിംഗ്സുകൾ ചേസിംഗിന് കരുത്തുപകർന്നു. ദീപ്തി 41-ാം ഓവറിൽ റൺഔട്ടായി. 46-ാം ഓവറിലാണ് റിച്ച മടങ്ങിയത്. തുടർന്ന് അമൻജോതിനെ (15*) കൂട്ടി ജമീമ വിജയത്തിലേക്ക് നീങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |