
കൊച്ചി: എറണാകുളം നഗരത്തിലെ മലിനജല സംസ്കരണത്തിന് അമൃത് പദ്ധതിയിൽ അനുവദിച്ച കേന്ദ്രീകൃത സംവിധാനം വൈകുന്നത് അപ്പാർട്ടുമെന്റുകളിലെ താമസക്കാരെ പ്രതിസന്ധിയിലാക്കുന്നു.
സ്വന്തമായി മാലിന ജല സംസ്കാരണ പ്ലാന്റ് (എസ്.ടി.പി) ഇല്ലെന്ന കാരണത്താൽ നഗരത്തിലെ 71 അപ്പാർട്ടുമെന്റുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡും (പി.സി.ബി) കൊച്ചി കോർപ്പറേഷനും വൈദ്യുതി ബോർഡും നോട്ടീസ് നൽകിയിരിക്കുകയാണ്. ഏഴ് ദിവസത്തിനകം അപ്പാർട്ടുമെന്റുകൾ സ്വന്തം ചെലവിൽ മലിനജല സംസ്കരണ പ്ലാന്റ് (എസ്.ടി.പി) സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു പി.സി.ബിയുടെ ഭീഷണി.
ഇതിനുപിന്നാലെ ജൂലായ് 23ന് വൈദ്യുതി ബോർഡും നോട്ടീസ് നൽകി. രണ്ടുനടപടികൾ ഇടിത്തീ പോലെ നിൽക്കുമ്പോൾ ഫ്ലാറ്റുകളിൽ താമസിക്കാനുള്ള അവകാശം റദ്ദാക്കുമെന്ന് കൊച്ചി കോർപ്പറേഷനും നോട്ടീസ് നൽകി. ഫലത്തിൽ അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്നവർ കുടിയിറക്ക് ഭീഷണിയിലാണ്. അതിനുപുറമേ 2007ന് മുമ്പ് നിർമ്മിച്ച നിരവധി അപ്പാർട്ടുമെന്റുകൾക്കും ഏത് നിമിഷവും സമാനമായ നടപടി ഉണ്ടാകാമെന്ന അവസ്ഥയിലുമാണ്.
നടപടി നേരിടുന്നത് 71 അപ്പാർട്ട്മെന്റുകൾ
ഇവിടെയുള്ളത് 2500 ലേറെ കുടുംബങ്ങൾ
തേവര -പേരണ്ടൂർ കനാൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ പരിഗണിച്ച കേസിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണബോർഡ് അപ്പാർട്ടുമെന്റുകൾക്ക് നേരെ തിരിഞ്ഞത്.
അപ്പാർട്ടുമെന്റുകളിലെ കുടുംബങ്ങൾ പിടിച്ചുനിൽക്കുന്നത് അപ്പാർട്ടുമെന്റ് ഓണേഴ്സ് അപ്പക്സ് അസോസിയേഷൻ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച താൽകാലിക സ്റ്റേയുടെ പിൻബലത്തിൽ
എത്രയും വേഗം പ്ലാന്റ് സ്ഥാപിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടുപോകാതെ പി.സി.ബി. പി.സി.ബിയുടെ സമ്മർദ്ദത്തെത്തുടർന്ന് 57 അപ്പാർട്ട്മെന്റ് ഉടമകൾ മലിനീകരണ നിയന്ത്രണ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊള്ളാമെന്ന് സത്യവാങ് മൂലം നൽകി.
പ്ലാന്റ് നിർമ്മാണം പ്രായോഗികമല്ലെന്നാണ് അപ്പാർട്ട്മെന്റ് അസോസിയേഷൻ.
പല അപ്പാർട്ടുമെന്റുകളും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നു.
ഒരോ പ്ലാന്റിനും കുറഞ്ഞത് 50-60ലക്ഷം രൂപ ചെലവ്.
ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ തുക സമാഹരിക്കുന്നതും ബുദ്ധിമുട്ട്.
നഗരത്തിലെ മലിനജല സംസ്കരണത്തിന് കേന്ദ്രീകൃത സംവിധാമെന്ന നിലയിൽ മലിനജല പൈപ്പുകളുടെ ഇന്റർലിങ്കിംഗ് പദ്ധതിക്ക് അമൃത് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്.
ഈ പദ്ധതി അടിയന്തരമായി നടപ്പിലാക്കിയാൽ പ്രശ്നപരിഹാരം എളുപ്പത്തിലാകും. യഥാർത്ഥത്തിൽ നഗരത്തിലെ തോടുകളും കനാലുകളും മലിനമാകുന്നതിന് പിന്നിൽ ഇപ്പോൾ നടപടി നേരിടുന്ന അപ്പാർട്ടുമെന്റുകൾ മാത്രമല്ല. ചെറുകിട കെട്ടിടങ്ങൾ മുതൽ വൻകിട നിർമ്മിതികൾക്കുവരെ പങ്കുണ്ട്. അതുകൊണ്ട് ശാശ്വതമായ പ്രശ്നപരിഹാരത്തിന് കേന്ദ്രീകൃത സംവിധാനം ത്വരിതപ്പെടുത്തണമെന്നാണ് അപ്പാർട്ടുമെന്റ് അസോസിയേഷന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |