
ലഡാക്ക്: സൈന്യത്തെ ആധുനികവത്കരിക്കാനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമായി വിവിധ ആയുധങ്ങളും പ്രതിരോധ വാഹനങ്ങളും ഇന്ത്യൻ പ്രതിരോധ മേഖല സ്വന്തമാക്കിയിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് എഎച്ച്-64ഇ അപാച്ചെ ഗാർഡിയൻ ഹെലികോപ്റ്ററുകൾ. സമുദ്രത്തിലെയും, ലഡാക്ക് പോലെ ഉയർന്ന മലനിരകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് എഎച്ച്-64 ഇ ഹെലികോപ്റ്ററുകൾ. അമേരിക്കൻ കമ്പനിയായ ബോയിംഗ് നിർമ്മിച്ച എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ രണ്ടാമത്തെയും അവസാനത്തെയും ബാച്ചിലുള്ള മൂന്ന് ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് ഉടൻ എത്തുന്നത്.
ഇവ കൊണ്ടുവരുന്നതിനുള്ള കൂറ്റൻ അന്റൊണോവ് എഎൻ-124 റസ്‌ലൻ ചരക്ക് വിമാനം ഇതിനിടെ അമേരിക്കയിലെ അരിസോണയിലുള്ള ഫിനിക്‌സ് മേസ ഗേറ്റ്‌വെ വിമാനത്താവളത്തിൽ ഇറങ്ങി. ജർമ്മനിയിൽ നിന്നുള്ള ഈ വിമാനം വൈകാതെ എഎച്ച്-64 ഇ ഹെലികോപ്റ്ററിനെ വഹിച്ച് ഇന്ത്യയിലെത്തും. റസ്‌ലൻ ചരക്ക് വിമാനം അമേരിക്കയിലെത്തിയെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടേതെന്ന് മനസിലാക്കാൻ ത്രിവർണ പതാകയുടെ നിറം ഹെലികോപ്റ്ററിലുണ്ട്.

അത്യാധുനികമായ സെൻസറുകൾ, ഹെൽഫയർ മിസൈൽ ശേഷി, 30 എംഎം തോക്കുകൾ, എന്നിവ ഈ ഹെലികോപ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന പ്രകൃതിക്കനുസരിച്ച് ഇവ ഉപയോഗിക്കാൻ സാധിക്കും. 2020ൽ കരസേനക്കായാണ് ആറ് എഎച്ച്-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങിയത്. വ്യോമസേനയ്‌ക്ക് 22ഓളം അപാച്ചെ ഹെലികോപ്റ്റർ ഇതിനകം ഇന്ത്യ വാങ്ങിയിട്ടുണ്ട്. അടുത്തവർഷം ആദ്യത്തോടെ പൂർണമായും ഇവ സൈന്യത്തിൽ പ്രവർത്തന സജ്ജമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |