
ആരാധകർ ഏറെയുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സാണ് 'കരിക്ക്'. അവരുടെ ഓരോ പുതിയ വെബ് സീരീസും ഇറങ്ങി മിനിട്ടുകൾ കൊണ്ടാണ് അവ ട്രൻഡിംഗായി മാറാറുള്ളത്. ഓരോ പുതിയ എപ്പിസോഡിനുമായി കാത്തിരിക്കുന്ന ലക്ഷകണക്കിന് ആരാധകരും കരിക്കിനുണ്ട്. ഇപ്പോഴിതാ ബിഗ് സ്ക്രീനിലേക്കുള്ള വരവ് കരിക്ക് ടീം തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്.
കരിക്കിന്റെ സോഷ്യൽമീഡിയ പ്ളാറ്റ്ഫോമിലൂടെയാണ് പുതിയ സിനിമയുടെയും കരിക്ക് സ്റ്റുഡിയോസിനെയും കുറിച്ച് പങ്കുവച്ചിട്ടുള്ളത്. ഡോക്ടർ അനന്ദു എന്റർടെയ്ന്റ്മെന്റിന്റെ ബാനറിൽ ഡോക്ടർ അനന്ദുവും കരിക്ക് സ്റ്റുഡിയോസും ചോർന്നാണ് 'കരിക്ക്' ടീമിന്റെ സിനിമ നിർമ്മിക്കുന്നത്. ഡോക്ടർ അനന്ദു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. കരിക്ക് ടീമിന്റെ സംവിധായകൻ നിഖിൽ പ്രസാദ് തന്നെയാണ് അവരുടെ ആദ്യ സിനിമയും സംവിധാനം ചെയ്യുന്നത്.
ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം സിനിമ തീയേറ്ററുകളിൽ എത്തിക്കാനാണ് ടീമിന്റെ പ്ലാൻ. കരിക്ക് ടീമിന്റെ പ്രഖ്യാപനത്തോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. തേരാ പാര മുതലുള്ള കരിക്കിന്റെ ആരാധകർക്ക് വലിയ ആഹ്ലാദം പകർന്ന പ്രഖ്യാപനമാണ് കരിക്കിന്റെ സിനിമാപ്രവേശനം. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |