
കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വർഷം പൂർത്തിയാവുകയാണ്. വിസ്തൃതിയിൽ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണെങ്കിലും ലോകം ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാന നേട്ടവുമായാണ് മലയാളികൾ ഇത്തവണ കേരളപ്പിറവി ആഘോഷിക്കുന്നത്. ഏതു പുരോഗമന സമൂഹവും സ്വപ്നം കാണുന്ന 'അതിദാരിദ്ര്യമുക്ത സംസ്ഥാനം" എന്ന പദവിയിലേക്ക് നമ്മുടെ ദേശം ഉയരുകയാണ്. കണക്കുകളിലെ നേട്ടത്തിനപ്പുറം, ഭക്ഷണമില്ലാതെയും താമസസ്ഥലമില്ലാതെയും, ചികിത്സാ സൗകര്യം ലഭിക്കാതെയും ഒരാൾപോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃക!
2021-ൽ അധികാരത്തിലെത്തിയ ഇടതു മുന്നണി സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ എടുത്ത തീരുമാനങ്ങളിൽ പ്രധാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. അധികാരത്തിലെത്തി രണ്ടു മാസത്തിനകം തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 1032 തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ 64,006 കുടുംബങ്ങളിലായി 1,03,099 പേരെ ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ ക്ലേശഘടകങ്ങളായി കണക്കാക്കി , ആ കുടുംബങ്ങളെയാണ് ഇപ്പോൾ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നത്.
സമഗ്ര ജനകീയ മുന്നേറ്റം
സാമ്പത്തിക സഹായം നൽകുന്ന ഒരു ക്ഷേമപദ്ധതി മാത്രമല്ല അതിദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യം. മറിച്ച്, ദാരിദ്ര്യത്തെ അതിന്റെ എല്ലാ രൂപത്തിലും നിർവചിക്കുകയും, ഉന്മൂലനം ചെയ്യുകയും ചെയ്ത ഒരു സമഗ്ര ജനകീയ മുന്നേറ്റമാണിത്. ദാരിദ്ര്യത്തെ വരുമാനം എന്ന ഒറ്റ അളവുകോലിൽ ഒതുക്കാതെ, വിശപ്പ്, രോഗം, ഭവനം, തൊഴിൽ തുടങ്ങി സാമൂഹികവും ആരോഗ്യപരവുമായ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കണ്ടെത്തിയ ഏറ്റവും ദുർബലരായ
64,006 കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും വേണ്ടി അവരുടെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് മൈക്രോപ്ലാനുകൾ തയ്യാറാക്കി. ഭക്ഷണം, ആരോഗ്യ പരിരക്ഷ, സുരക്ഷിത ഭവനം എന്നിവയ്ക്കുപുറമെ സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള ഉപജീവന മാർഗങ്ങളും ഈ മൈക്രോപ്ലാനുകളിൽ ഉൾപ്പെടുത്തി.
സാമൂഹ്യസുരക്ഷാ സംവിധാനങ്ങളിൽപ്പോലും ഉൾപ്പെടാതെ പോയ, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ ചേർത്തുനിർത്തുന്ന ഈ സർക്കാർ നടപടി, നവകേരളം മുന്നോട്ടുവയ്ക്കുന്ന മാനുഷികവും സമഗ്രവുമായ വികസന കാഴ്ചപ്പാടിന്റെ അടിത്തറയാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ ജനകീയ ഇടപെടലാണ് ചരിത്രപരമായ ഈ നേട്ടത്തിനു പിന്നിൽ.
വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രധാന മിഷനുകളിലൂടെയാണ് കേരളം സാമൂഹിക വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സർക്കാർ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. ആർദ്രം പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ശക്തിപ്പെടുത്തിക്കൊണ്ട് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ലൈഫ് മിഷനിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി ഒരിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. ലൈഫ് മിഷനിൽ ഇതുവരെ അഞ്ച് ലക്ഷത്തോളം വീടുകൾ നൽകി. ഒന്നര ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
പുരോഗതി സമ്പൂർണം
2016-ൽ കേരളത്തിന്റെ വ്യാവസായിക വളർച്ച 12 ശതമാനം ആയിരുന്നത് ഇന്ന് 17 ശതമാനമായി ഉയർന്നു. ഉത്പാദന മേഖലയുടെ സംഭാവന 2016-ൽ 9.8 ശതമാനം ആയിരുന്നത് 14 ശതമാനമായി. 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസി"ൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം എത്തുന്ന നിലയിലേക്ക് സർക്കാർ വ്യവസായ മേഖലയെ വളർത്തി. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളിലൊന്നായി കേരളം ഇക്കാലയളവിൽ മാറി. കഴിഞ്ഞ ഒൻപതര വർഷത്തിനുള്ളിൽ 7200- ലേറെ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുകയും വലിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്തു. പരമ്പരാഗത മേഖലയ്ക്കുള്ള ഇൻകം സപ്പോർട്ട് സ്‌കീമിന് 2011- 16 കാലത്ത് 210 കോടി രൂപ മാത്രമായിരുന്നു വകയിരുത്തിയതെങ്കിൽ കഴിഞ്ഞ ഒമ്പത് വർഷക്കാലത്ത് 700 കോടിയോളം രൂപ ഈ ഇനത്തിൽ ചെലവഴിച്ചു. 2016-ൽ രണ്ടു ശതമാനമായിരുന്ന കാർഷിക വളർച്ചാ നിരക്ക് ഇന്ന് 4.64 ശതമാനമാണ്.
പി.എസ്.സി വഴി മൂന്നു ലക്ഷത്തോളം നിയമനങ്ങൾ നടത്തി. 40,000-ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഇതിനു പുറമെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയെ പാടെ മാറ്റിമറിച്ചുകൊണ്ട് കിഫ്ബി മുന്നേറ്റം തുടരുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേന മാത്രം ഉണ്ടായി. തീരദേശ, മലയോര ഹൈവേകൾ ഉൾപ്പെടെയുള്ള വൻകിട ഗതാഗത പദ്ധതികൾ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗത ഭൂപടംതന്നെ മാറ്റിവരയ്ക്കുകയാണ്.
സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന മറ്റ് നിരവധി വൻകിട പദ്ധതികളും ഇക്കാലയളവിൽ യാഥാർത്ഥ്യമായി. ദീർഘകാലമായി മുടങ്ങിക്കിടന്ന ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാക്കി. ദേശീയപാതാ വികസനം നാല്, ആറ് വരികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഊർജ്ജം നൽകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തെ ആഗോള വാണിജ്യ ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാവർക്കും കുറഞ്ഞ ചിലവിൽ അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമാക്കിയതിലൂടെ നമ്മൾ ഒരു 'ഡിജിറ്റൽ ഹൈവേ" തന്നെ സൃഷ്ടിച്ചു.
സാമൂഹിക പുരോഗതിയുടെയും വികസനത്തിന്റെയും സൂചികകളിൽ കേരളം എപ്പോഴും ഇന്ത്യയ്ക്ക് മാതൃകയായി നിലകൊള്ളുന്നു. മികച്ച ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെല്ലാം കേരളം മുൻപന്തിയിലാണ്. അതിദാരിദ്ര്യം പൂർണമായി തുടച്ചുനീക്കുക എന്ന ചരിത്രപരമായ പ്രഖ്യാപനത്തോടെ, നാം ലോകത്തിനു മുന്നിൽ ഒരു പുതിയ മാതൃക കൂടി സ്ഥാപിച്ചിരിക്കുന്നു. സമത്വം, സാമൂഹികനീതി, മാനുഷിക വികസനം എന്നീ മൂല്യങ്ങളിൽ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവർക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |