
തിരുവനന്തപുരം: ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസമായി നടത്തിവന്ന രാപ്പകൽ സമരത്തിന് ഇന്ന് തിരശീല വീഴും. സമര പ്രഖ്യാപന റാലിയോടെയാണ് അവസാനിപ്പിക്കുന്നത്. അതേസമയം, സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. സമരത്തിന്റെ ഒന്നാം വാർഷിക ദിനമായ
ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിലേക്ക് മഹാറാലിയും സംഘടിപ്പിക്കും. 21000 രൂപ ഓണറേറിയം, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തുടരുന്നത്. അഞ്ച് പൈസ പോലും ഓണറേറിയം വർദ്ധിപ്പിക്കില്ലെന്നു പറഞ്ഞ സർക്കാർ 1000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചതിനാലാണ് രാപ്പകൽ സമരം അവസാനിപ്പിക്കുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു കേരളകൗമുദിയോട് പറഞ്ഞു. ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് നിലപാടെടുത്ത സംസ്ഥാന സർക്കാർ ഒടുവിൽ സമരക്കാരുടെ മുന്നിൽ മുട്ടുമടക്കിയെന്നും അവർ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി 10 നാണ് ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്.
സമരത്തെ തുടർന്ന് വിവിധ തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും സർക്കാർ തടഞ്ഞതായും ആശമാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സമരം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് തീരുമാനം. ജോലിയുടെ ഭാഗമായ ഭവന സന്ദർശനത്തിനൊപ്പം
പ്രാദേശിക തലങ്ങളിൽ വീടുകൾ കയറി സർക്കാരിനെതിരെ പ്രചാരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |