SignIn
Kerala Kaumudi Online
Tuesday, 04 November 2025 12.00 PM IST

'അനിൽകുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം ബിജെപിയുടെ ഭാഗമായതിനാൽ'; നേതൃത്വത്തിനെതിരെ മുൻ വക്താവ്

Increase Font Size Decrease Font Size Print Page
ms-kumar

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാവും മുൻ വക്താവുമായ എംഎസ് കുമാർ രംഗത്ത്. തിരുമല കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം ബിജെപിയുടെ ഭാഗമായതുകൊണ്ടാണെന്ന് എംഎസ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൂടെ നിന്നില്ലെന്നും ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു അദ്ദേഹത്തിന് മടങ്ങേണ്ടി വന്നതെന്നും എംഎസ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. താൻ അംഗമായ സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്ത ബിജെപി നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90 ശതമാനവും അതേ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ (സെൽ കൺവീനർമാർ ഉൾപ്പെടെ) ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം എഫ്ബിയിലൂടെ വെളിപ്പെടുത്താൻ തീരുമാനിക്കുന്നത്'- എംഎസ് കുമാർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതൽ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്‌തേക്കാം. എന്നാൽ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വര്ഷങ്ങളായി ഞാൻ അറിയുന്ന അനിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടുപോകുന്നത്. പെട്ടെന്നാണ് കേരളത്തിൽ സഹകരണരംഗം തകർന്നടിയുന്നത്.

കരുവന്നൂർ, കണ്ടല, ബിഎസ്എൻഎൽ തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത മാദ്ധ്യമങ്ങളിൽ കൊടുത്തതും അതിന്റെ സത്യാവസ്ഥകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകർന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിൽക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്. കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.

വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ ( സെൽ കൺവീനർമാർ ഉൾപ്പെടെ )ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം എഫ്ബിയിലൂടെ വെളിപെടുത്താൻ തീരുമാനിക്കുന്നത്.

അടുത്ത പോസ്റ്റ് ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ള താകും.ജീവിതത്തിൽ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും, ആയിമാറി. ഒരു ഗുണപാഠം ഇതിൽനിന്നൊക്കെ പഠിച്ചു. കഴിയുമെങ്കിൽ ആരെയും സഹായിക്കാതിരിക്കുക. ജീവിത സായാ ഹ്നത്തിൽപുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണ്.

TAGS: BJP, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.