
തിരുവനന്തപുരം; എന്റെ ജീവനാണ് വെന്റിലേറ്ററിൽ തണുത്ത് കിടക്കുന്നത്. 19 വയസ് ആയതേയുള്ളു, മോൾക്ക്. എനിക്കെന്റെ മോളെ വേണം-
ശ്രീക്കുട്ടിയുടെ മാതാവ് പ്രിയദർശിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ മരവിച്ചു.
മകൾക്കുണ്ടായ ദുരന്തമോർത്ത് ആർത്തലച്ചു കരയുന്ന അമ്മയുടെ വേദന കേരളത്തിന്റെ കഠിനഭീതിയും തോരാനൊമ്പരവുമായി.
കേരള എക്സ് പ്രസിൽ നിന്നു അക്രമി ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വെന്റിലേറ്ററിൽ കഴിയുകയാണ് പാലോട് പച്ച സ്വദേശി ശ്രീക്കുട്ടി(സോന).
ബംഗളൂരുവിൽ ജോലിചെയ്യുന്ന പ്രിയദർശിനി, മലപ്പുറത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കവേയാണ് മകളുടെ ദുരന്തം അറിയുന്നത്. ബംഗളൂരുവിൽ സ്വകാര്യ സ്‌കൂളിൽ നീന്തൽ പരിശീലകയാണ് പ്രിയദർശിനി.
'പാതി കണ്ണടച്ച് വെന്റിലേറ്ററിൽ കിടക്കുകയാണ് എന്റെ കുട്ടി. കൈയിൽ തൊട്ടപ്പോൾ തണുത്ത് മരവിച്ചതുപോലെയാണ്. എന്റെ കുട്ടിയെ എനിക്ക് തിരിച്ചുകിട്ടുമോ?മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന അങ്കലാപ്പും പ്രിയദർശിനി പങ്കുവച്ചു.
തലയ്‌ക്ക് മാരകമായ രണ്ടു മുറിവുകളുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്. ശരീരമാസകലം ഇരുപതിലധികം മുറിവുകളുണ്ട്, ബോധം തിരിച്ചുകിട്ടിയിട്ടില്ല. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെൺകുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.
സഹയാത്രിക കമ്പിയിൽ തൂങ്ങി നിലവിളിച്ചു
കേരള എക്സ് പ്രസിന്റെ എസ്.എൽ.ആർ കോച്ചിലെ യാത്രക്കാരിയായ ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ജനറൽ കമ്പാർട്ട്മെന്റിൽ ആലുവയിൽ നിന്നാണ് ശ്രീക്കുട്ടിയും അർച്ചനയും കയറിയത്. ഇരുവരും സഹയാത്രികരാണ്.പ്രതി കോട്ടയത്തുനിന്നു കയറി. നന്നായി മദ്യപിച്ച ഇയാൾ കയറിയതുമുതൽ അപമര്യാദയായി പെരുമാറിയിരുന്നു. വർക്കല കഴിഞ്ഞപ്പോഴാണ് ശ്രീക്കുട്ടിയും അർച്ചനയും ടോയ്ലെറ്റിലേക്ക് പോയത്. അർച്ചന ആദ്യം ടോയ്ലെറ്റിൽ കയറി. ശ്രീക്കുട്ടി വാതിക്കൽ നിൽക്കുകയായിരുന്നു. പ്രതി അവിടേക്ക് എത്തി. വാതിലിൽനിന്നു മാറാൻ ആവശ്യപ്പെട്ടു.പറ്റില്ലെന്ന് പ്രതികരിച്ചു. ഇതേച്ചൊല്ലി തർക്കമായി. പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ പിന്നിൽനിന്ന് നടുവിന് ചവിട്ടി തള്ളിയിടുകയായിരുന്നു. പിടിവിട്ട് നിലവിളിയോടെ പുറത്തേക്ക് തെറിച്ചുവീണു.
 ടോയ്ലെറ്റിൽ നിന്ന് പുറത്തിറങ്ങിയ അർച്ചന അലറിവിളിച്ച് ശ്രീക്കുട്ടി ട്രെയിന് പുറത്തേക്ക് വീഴുന്നത് കണ്ടു. അർച്ചനയെ കണ്ടതോടെ അക്രമി അർച്ചനയുടെ കൈയിലും കാലിലും ബലമായി പിടിച്ച് പുറത്തേക്ക് എറിയാൻ ശ്രമിച്ചു. കമ്പിയിൽ പിടിച്ച് തൂങ്ങികിടന്നു നിലവിളിച്ചു.ഇത് കേട്ട് മറ്റു യാത്രക്കാരൻ ഓടിയെത്തിയപ്പോൾ പ്രതി മുന്നിലെ കമ്പാർട്ട്മെന്റിലേക്ക് കടന്നു.യാത്രക്കാർ പിന്നാലെ പോയി പിടികൂടി.ട്രെയിൻ കൊച്ചുവേളി സ്റ്റേഷനിലെത്തിയപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് അധികൃതരെയും സംഭവം ഉണ്ടായ സ്ഥലത്തുള്ള നഴ്സ് ഷീജയെയും
വിവരമറിയച്ചത്.
കേസ് വധശ്രമത്തിന് !
കേരളത്തെ നടുക്കിയ നരാധമനായ പ്രതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മദ്യലഹരിവിട്ടതോടെ പ്രതി പനച്ചമൂട് വേങ്കോട് വടക്കേക്കര വീട്ടിൽ സുരേഷ് കുറ്റം സമ്മതിച്ചു. വധശ്രമത്തിന് റെയിൽവേ പൊലീസാണ് കേസെടുത്തത്.
കടലാസിലൊതുങ്ങി
സുരക്ഷാ നിർദ്ദേശം
1. വനിതാകമ്പാർട്ടുമെന്റിൽ സായുധരായ രണ്ട് വനിതാ പൊലീസുകാരെ നിയോഗിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പായില്ല
2. കോച്ചുകളിൽ റെഡ്ബട്ടൺ, ക്യാമറ. വാതിലിന്റെ ഭാഗത്ത് സ്ഥാപിക്കുന്ന ബട്ടണമർത്തിയാൽ കൺട്രോൾ റൂമിലോ ഗാർഡിനോ അപായസൂചന നൽകുന്ന സംവിധാനം
3. ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചാൽ റെയിൽവേ ബീറ്റിലുള്ള കോൺസ്റ്റബിളിനു വിവരം ലഭിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം
4. എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക് വാതിലുകൾ. കോച്ചുകളിലെ തിരക്കും വായു സഞ്ചാരക്കുറവും കാരണം ഉപേക്ഷിച്ചു
ക്രിട്ടിക്കൽ, തലച്ചോറിന് ചതവ്
തിരുവനന്തപുരം: ക്രിട്ടിക്കൽ കെയർ ഐ.സി.യുവിൽ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. അപകടനിലതരണം ചെയ്തിട്ടില്ലെന്ന് മെഡി.കോളേജ് സൂപ്രണ്ട് ഡോ.ജയചന്ദ്രൻ അറിയിച്ചു. തലച്ചോറിൽ ചതവും രക്തം കട്ടംപിടിയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്വസിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അബോധാവസ്ഥയിൽ തുടരുകയാണ്. തലച്ചോറിലെ സ്ഥിതി സാധാരണനിലയിലാകാൻ മരുന്നു നൽകുന്നുണ്ട്. ശരീരത്തിന്റെ മുഴുവൻ സി.ടി സ്കാൻ ചെയ്തു. എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോയില്ല. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കിരണിന്റെ നേതൃത്വത്തിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.
.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |